അനുയോജ്യയായ വധുവിനെ കണ്ടെത്തിയില്ല; മകന്‍ അമ്മയെ കൊന്ന് കാലുകള്‍ വെട്ടിമാറ്റി
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം
ഹൈദരാബാദ്: തനിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്തിയില്ലെന്ന് ആരോപിച്ച് മകന്‍ അമ്മയെ കൊന്ന് കാലുകള്‍ വെട്ടിമാറ്റി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. 21കാരനായ മകന്‍ ഒരു ബന്ധുവിന്‍റെ സഹായത്തോടെയാണ് കുറ്റകൃത്യം ചെയ്തത്.
ബന്ദ മൈലാരത്ത് താമസിക്കുന്ന വെങ്കടമ്മ(45) എന്ന സ്ത്രീയാണ് മരിച്ചത്. വിധവയായ ഇവര്‍ മകന്‍ ഈശ്വറിനൊപ്പമായിരുന്നു താമസം. സമീപ ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് പാത്രങ്ങൾ വിറ്റാണ് വെങ്കിടമ്മ ഉപജീവനം കഴിച്ചിരുന്നത്.ഈശ്വറിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വൈദ്യുതാഘാതമേറ്റതായും ഇടതുകൈ അറ്റുപോയിരുന്നതായും പൊലീസ് പറഞ്ഞു. ഈശ്വർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അംഗവൈകല്യം കാരണം വെങ്കിടമ്മയ്ക്ക് മകന് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഗജ്‌വേൽ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ (എസിപി) എം.രമേഷ് പറഞ്ഞു.തനിക്ക് വധുവിനെ കണ്ടെത്താൻ നിർബന്ധിക്കുകയും പണം നൽകാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ അമ്മ തന്നെ കളിയാക്കുന്നതിൽ ഈശ്വറും അസ്വസ്ഥനായിരുന്നു.വെങ്കിടമ്മയോട് പക തോന്നിയ ഈശ്വര്‍ ബന്ധുവായ രാമുവിന്‍റെ സഹായത്തോടെ അമ്മയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ രാത്രി 1.30ഓടെ വീട്ടിൽ ഗാഢനിദ്രയിലായിരുന്ന വെങ്കിടമ്മയെ തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇരുവരും ചേർന്ന് കത്തികൊണ്ട് കഴുത്തറുക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ വെങ്കിടമ്മ മരിക്കുകയും ചെയ്തു. തുടർന്ന് കവര്‍ച്ചാശ്രമമാണെന്ന് സ്ഥാപിക്കാനായി വെള്ളി പാദസരം മോഷ്ടിക്കുകയും ചെയ്തു.
കാട്ടുപന്നിയെ വേട്ടയാടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് ഈശ്വര്‍ അയല്‍വാസികളോട് പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ ഈശ്വറിന്‍റെ പ്രതികരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് കണ്ടെത്തി. വേട്ടയാടാൻ ഉപയോഗിച്ചിരുന്ന കത്തികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്ന് ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച വെള്ളിക്കൊലുസും ആയുധങ്ങളും സമീപത്തെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായും എസിപി പറഞ്ഞു.