ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; മൈക്ക് വാങ്ങിവച്ച് കമ്മിറ്റി ഭാരവാഹി

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്

Update: 2023-07-16 13:39 GMT
Editor : Shaheer | By : Web Desk
Advertising

ഡെറാഡൂൺ: ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിദ്വേഷമുയർത്തുന്ന മുദ്രാവാക്യം വിളിച്ചവരെ തടഞ്ഞ് കമ്മിറ്റി ഭാരവാഹികൾ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഒരു വിഭാഗം ഹിന്ദുത്വസംഘമാണ് വിദ്വേഷ മുദ്രാവാക്യവുമായി ക്ഷേത്രമുറ്റത്തെത്തിയത്.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഇവരുടെ കൈയിൽനിന്ന് മൈക്ക് വാങ്ങിവച്ചു. ക്ഷേത്രത്തിൽ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് കർശന നിർദേശവും നൽകി. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മുസ്‌ലിംകൾക്കെതിരെ ഒന്നും പറയരുതെന്ന് പറഞ്ഞ് ഒരാൾ മൈക്ക് വാങ്ങിവച്ചിരിക്കുന്നു, ഇത് ഹിന്ദുവാണ്, മതേതര കീടമാണ് എന്നെല്ലാം വിഡിയോയിയിൽ ഒരു സ്ത്രീ ആക്ഷേപിക്കുന്നുണ്ട്. ജിഹാദികൾക്കെതിരെയാണ് തങ്ങൾ മുദ്രാവാക്യം വിളിക്കുന്നതെന്നും ഇവർ ഇതിൽ പറയുന്നുണ്ട്.

ഉത്തരാഖണ്ഡിലെ തീവ്ര ഹിന്ദുത്വ നേതാവായ രാധാ സെംവാൽ ധോണിയാണ് വിഡിയോയ്ക്കു പിന്നിലുള്ളതെന്ന തരത്തിലും പ്രചാരണമുണ്ട്. സംസ്ഥാനത്തെ മുസ്‌ലിം തീർത്ഥാടനകേന്ദ്രങ്ങൾ തകർക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണത്തിന്റെ മുൻനിരയിലുള്ളയാളാണ് രാധ. കഴിഞ്ഞ മാർച്ചിൽ ഇത്തരത്തിൽ ഒരു കേന്ദ്രം രാധയുടെ നേതൃത്വത്തിലുള്ള സംഘം തകർക്കുകയും ചെയ്തിരുന്നു. ഇവർ ക്രിസ്ത്യാനികളെ ആക്രമിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

ഉത്തരാഖണ്ഡിൽ മുസ്ലിംകളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഹിന്ദുത്വ ആക്രമണം തുടരുന്നതിനിടെയുടെ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടൽ വാർത്തയാകുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ ഉത്തരകാശിയിൽ മുസ്ലിം വ്യാപാരികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും സമുദായത്തെ ലക്ഷ്യമാക്കി വർഗീയ ആക്രമണം നടത്തുകയും ചെയ്തിരുന്നു. മേയ് 26ന് 14കാരിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുസ്‌ലിംകളെ തിരഞ്ഞെടുപിടിച്ച് സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണമുയർന്നത്.

സംഭവത്തിൽ ഉത്തരകാശിയിലെ പുരോള മാർക്കറ്റിൽ കച്ചവടക്കാരനായ ഉബേദ് ഖാൻ, മോട്ടോർ സൈക്കിൾ മെക്കാനിക്കായ ജിതേന്ദർ സൈനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് 'ലവ് ജിഹാദ്' നീക്കമാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘങ്ങൾ തെരുവിലിറങ്ങിയത്.

Summary: Temple committee member stops anti-Muslim sloganeering in Uttarakhand

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News