ഏറ്റെടുക്കല്‍ പൂര്‍ണം; 48 കോടി രൂപക്ക് മാധ്യമ സ്ഥാപനമായ ക്വിന്‍റില്യണില്‍ അദാനിയുടെ നിക്ഷേപം
കഴിഞ്ഞ വർഷം എൻ.ഡി.ടി.വിയുടെ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു
ന്യൂഡൽഹി: മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‍വര്‍ക്ക് ആണ് രാഘവ് ബാഹ്‍ലിന്‍റെ ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മേയിൽ പ്രഖ്യാപിച്ച ഏറ്റെടുക്കൽ മാർച്ച് 27 നാണ് പൂർത്തിയായത്.
ക്വിന്‍റില്യണ്‍ ബിസിനസ് മീഡിയ നടത്തുന്ന മാധ്യമസ്ഥാപനമാണ് ബ്ലൂംബെർഗ് ക്വിന്‍റ്. ഇത് നിലവില്‍ ബിക്യു പ്രൈം എന്നാണ് അറിയപ്പെടുന്നത്. മുതിർന്ന മാധ്യമപ്രവർത്തകനായ സഞ്ജയ് പഗാലിയയാണ് അദാനി മീഡിയ വെഞ്ചേഴ്സിനെ നയിക്കുന്നത്. 2021 സെപ്റ്റംബറിലാണ് സഞ്ജയ് അദാനി മീഡിയ വെഞ്ചേഴ്സിന്‍റെ നേതൃസ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ വർഷം എൻ.ഡി.ടി.വിയുടെ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ ഡിസംബർ 30 ന് ഡയറക്ടര്‍ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.