'മുസ്‌ലിം സമുദായത്തിനെതിരായി ഒന്നുമില്ല'; ഹമാരേ ബാരാ സിനിമയുടെ റിലീസിന് അനുമതി നല്‍കി ബോംബെ ഹൈകോടതി
ആക്ഷേപകരമായ രംഗങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് റിലീസിന് അനുമതി നല്‍കിയത്
മുംബൈ: കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന 'ഹമാരേ ബാരാ' സിനിമ തങ്ങള്‍ കണ്ടുവെന്നും ഇതില്‍ മുസ്‌ലിം സമുദാത്തിനും ഖുര്‍ആനിനും എതിരെ ആക്ഷേപകരമായ ഒന്നുമില്ലെന്നും ബോബെ ഹൈകോടതി അറിയിച്ചു. ചിത്രത്തില്‍ മൂന്ന് തിരുത്തലുകള്‍ വരുത്താമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ റിലീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ചിത്രം ജൂണ്‍ 21ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഈ സിനിമ യഥാര്‍ഥത്തില്‍ സത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്തിറക്കിയ ട്രെയിലറിനെതിരെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍, അത്തരം ആക്ഷേപകരമായ ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് ബി.പി. കൊലാബവല്ലയും ഫിര്‍ദോഷ് പൂനിവല്ലയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സിനിമയില്‍ ഒരു മൗലാന ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യുകയും മുസ്‌ലിം വ്യക്തി അതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ മൗലാനമാരെ അന്ധമായി പിന്തുണക്കാതെ ബുദ്ധി ഉപയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായത്തെ അവഹേളിക്കുകയും ഖുര്‍ആനെ തെറ്റായി വ്യാഖ്യാനം ചെയ്യുകയാണെന്നും കാണിച്ച് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹരജികളാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
ആദ്യം ഹൈകോടതി സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പ്രകാരം ആക്ഷേപകരമായ രംഗങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ വീണ്ടും റിലീസിന് അനുമതി നല്‍കി. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച് റിലീസിന് സ്‌റ്റേ വാങ്ങി. കൂടാതെ ഹൈകോടതിയോട് അനുയോജ്യമായ തീരുമാനം എടുക്കാനും സുപ്രിംകോടതി ആവശ്യപ്പെട്ടു. ആക്ഷേപകരമായ എല്ലാ ഭാഗങ്ങളും ഒഴിവാക്കിയശേഷമാണ് സിനിമ കണ്ടതെന്നും അക്രമത്തിലേക്ക് നയിക്കുന്ന ഒന്നും നിലവില്‍ സിനിമയിലില്ലെന്നും ഹൈകോടതി ബൈഞ്ച് വ്യക്തമാക്കി.
ജൂണ്‍ ഏഴിന് 'ഹമാരേ ബാരാ' കര്‍ണാടകയിലും നിരോധിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷം തടയുക എന്ന ലക്ഷ്യത്തോടെ ഒരു അറിയിപ്പ് ലഭിക്കുന്നതു വരെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സിനിമയുടെ ട്രെയിലറിലും വര്‍ഗീയ സംഘര്‍ഷത്തിന് വഴിവയ്ക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും ഈ കാര്യമുന്നയിച്ച് നിരവധി ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധി സംഘങ്ങളുടേയും അഭ്യര്‍ഥനകള്‍ കൂടി പരിഗണിച്ചാണ് നടപടിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അമിത ജനസംഖ്യയുടെ പ്രമേയം ചര്‍ച്ചചെയ്യുന്ന സിനിമയില്‍ അന്നു കപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവരിപ്പിക്കുന്നത്. നേരത്തേ 'ഹം ദേ ഹമാരേ ബാര' (നാം രണ്ട് നമുക്ക് 12) എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇത് വിവാദമായതോടെ പേര് ഹമാരേ ബാര എന്നാക്കി മാറ്റുകയായിരുന്നു. അപകടകരമായ ഗര്‍ഭാവസ്ഥയിലുള്ള മാതാവിന്റെ ജീവന്‍ രക്ഷിക്കാനായി ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിക്കായി പിതാവിനെതിരെ മകള്‍ കോടതിയെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.