ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം: കോൺഗ്രസിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

‘കോൺഗ്രസ് സംശയങ്ങളുടെ പുകമറ തീർക്കുകയാണ്’

Update: 2024-10-29 15:20 GMT
Advertising

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് നൽകിയ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. 26 സീറ്റുകളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. സ്ഥിരമായി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരം ആരോപണങ്ങൾ ഉയരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഇതൊരു ദേശീയ പാർട്ടിയിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്. സംശയങ്ങളുടെ പുകമറ തീർക്കുകയാണ് കോൺഗ്രസ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ ചുവടും കുറ്റമറ്റതാണെന്നും കേൺഗ്രസ് സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ നിരീക്ഷണത്തിലാണ് പ്രക്രിയകൾ നടന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ പറയുന്നു.

ഇവിഎം ക്രമക്കേട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി കോൺഗ്രസ് നൽകിയിരുന്നു. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനായിരുന്നു കോൺഗ്രസ് തീരുമാനം.

മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീനിലെ ക്രമക്കേടാണ് കോൺഗ്രസ് ഉയർത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ എങ്ങനെ 99 ശതമാനം ചാർജ് വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നർലൗൾ, കർനാൽ, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണു പരാതി സമർപ്പിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളിൽ ബിജെപിക്കാണു കൂടുതൽ വോട്ട് ലഭിച്ചത്.

ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, ജയറാം രമേശ്, പവൻ ഖേഡ, അജയ് മാക്കൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഫലപ്രഖ്യാപനത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ച. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ എട്ടിനാണ് ജമ്മു കശ്മീരിനൊപ്പം ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയിരുന്നു. 37 സീറ്റാണ് കോൺഗ്രസിനു ലഭിച്ചത്. ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ചവച്ച ശേഷമായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവുണ്ടായത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News