യുപി സർക്കാർ അന്വേഷിച്ചാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടില്ലെന്ന് ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്‍റെ പിതാവ്

നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റിയതെന്നും സത്നാം സിങ് മീഡിയവണിനോട് പറഞ്ഞു

Update: 2021-10-08 07:26 GMT
Editor : Nisri MK | By : Web Desk
Advertising

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയില്‍ യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ് പ്രീത് സിങിന്‍റെ പിതാവ് സത്നാം സിങ് .യു പി സർക്കാർ അന്വേഷിച്ചാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടില്ല . ആരോപണ വിധേയര്‍ക്കെതിരെ ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്നും സത്നാം സിങ് മീഡിയവണിനോട് പറഞ്ഞു.

അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ നടത്തണം. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റിയത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അജയ് മിശ്രയെ പുറത്താക്കണമെന്നും സത്നാം സിങ് പറഞ്ഞു .

"ലഖിംപൂരിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണ്. ലവ്പ്രീത് സിങിന്‍റെ കൊലപാതകം ദാരുണമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിഷേധം അവസാനിപ്പിച്ച ശേഷമാണ് കർഷകർക്ക് മേൽ ആശിഷ് മിശ്ര വാഹനമിടിച്ച് കയറ്റിയത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കുമോ എന്നതിൽ ഉറപ്പില്ല. ആശ്രിതർക്ക് ജോലി ലഭിക്കുമെന്ന വാഗ്ദാനം നടപ്പിലാകുമോ എന്നറിയില്ല . ഒരു കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ഇല്ലാതായത്. കർഷക കൊലയിൽ സമഗ്രമായ അന്വേഷണം വേണം."- സത്നാം സിങ് വ്യക്തമാക്കി.

അതേസമയം കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഒളിവിലാണ്. ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാനായിരുന്നു ഇന്നലെ നിർദേശം നൽകിയത്. കേന്ദ്രമന്ത്രിയുടെ വീടിന്‍റെ മുന്നിൽ പോലീസ് നോട്ടീസ് പതിച്ചിരുന്നെങ്കിലും ആശിഷ് മിശ്ര ഒളിവിൽ പോകുകയായിരുന്നു.

ആശിഷ് മിശ്ര ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുന്നത് തുടരും. ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.

Full View



Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News