‘മറ്റൊരാൾ ചെയ്ത കുറ്റത്തിന് എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്’; പ്രായപൂർത്തിയാകാത്ത പ്രതിയുടെ കുടുംബം വാടകക്ക് താമസിച്ച വീട് തകർത്ത് അധികൃതർ

വാടകക്കാരന്റെ മകൻ കുറ്റകൃത്യം ചെയ്തതിന് വീട് പൊളിക്കുന്നത് എങ്ങനെ നീതിയാകുമെന്ന് റാഷിദ് ഖാൻ ചോദിക്കുന്നു

Update: 2024-08-19 13:37 GMT
Advertising

ജയ്പുർ: രാജസ്ഥാനിലെ ഉദയ്പുരിൽ പത്താം ക്ലാസുകാരൻ സഹപാഠിയെ കുത്തിയതിന്റെ പേരിൽ അധികൃതർ വീട് പൊളിച്ചത് വലിയ വാർത്തയായിരുന്നു. സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പ്രായപൂർത്തിയാകാത്ത പ്രതി കത്തികൊണ്ട് കുത്തുന്നത്. ഇതിന് പിന്നാലെ ഈ കുട്ടി വാടകക്ക് താമസിച്ചിരുന്ന വീട് അധികൃതർ മണ്ണുമാന്തി യ​ന്ത്രവുമായെത്തി പൊളിക്കുകയായിരുന്നു. റാഷിദ് ഖാൻ എന്നയാളുടെ പേരിലുള്ള വീടായിരുന്നുവിത്. മറ്റൊരാൾ ചെയ്ത കുറ്റത്തിന് എന്തിനാണ് തന്നെ ശിക്ഷിക്കുന്നതെന്ന് ഇദ്ദേഹം വേദനയോടെ ചോദിക്കുന്നു.

2019 ഫെബ്രുവരിയിലാണ് റാഷിദ് ഖാൻ ഉദയ്പുരിലെ മുസ്‍ലിം ഭൂരിപക്ഷ മേഖലയായ ഖൻജിപീറിൽ വീട് വാങ്ങുന്നത്. ഓ​ട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹം ഓട്ടോ ഓടിച്ച് ലഭിക്കുന്ന പണവും സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും സ്വരുക്കൂട്ടിയ 17 ലക്ഷം രൂപ മുടക്കിയാണ് വീട് വാങ്ങുന്നത്. ഇതാണ് ആഗസ്റ്റ് 17ന് ബുൾഡോസർ രാജിന് വിധേയമായത്.

ഉദയ്പുർ ജില്ലാ ഭരണകൂടവും രാജസ്ഥാൻ വനം വകുപ്പുമാണ് വീട് പൊളിച്ചുനീക്കാൻ ഉത്തരവിടുന്നത്. ‘തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുന്ന വാടകക്കാരന്റെ മകൻ ഒരു കുറ്റകൃത്യം ചെയ്തതിന് ഇത്തരത്തിൽ വീട് പൊളിക്കുന്നത് എങ്ങനെ നീതീകരിക്കാനാകും’ -റാഷിദ് ഖാൻ പറയുന്നു. മറ്റൊരാൾ ചെയ്ത കുറ്റത്തിന് എന്തിനാണ് എന്നെ ശിക്ഷിക്കുന്നത്. ഈ വീട് അനധികൃതമാണെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ ഈ സംഭവത്തിന് ശേഷമാണോ അധികൃതർക്ക് ഇത് ബോധ്യമാകുന്നത്? ഒരു ദിവസത്തെ നോട്ടീസ് നൽകിയാണ് അവർ വീട് പൊളിച്ചതെന്നും റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.

വിഷയം ആളിക്കത്തിച്ച് ഹിന്ദുത്വ സംഘടനകൾ

പത്താം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത മുസ്‍ലിം വിഭാഗത്തിൽപെട്ട കുട്ടി ഹിന്ദു വിഭാഗക്കാരനായ കുട്ടിയെയാണ് കുത്തിയത്. സംഭവത്തിൽ ഹിന്ദു സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രശ്നത്തിന് വർഗീയ നിറം വന്നു. രോഷാകുലരായ ജനക്കൂട്ടം നിരവധി കാറുകൾക്ക് തീയിട്ടു. കടകൾ അടപ്പിച്ചു. ഇതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് റദ്ദാക്കുകയും ചെയ്തു.

എന്നാൽ, വിലക്കുകൾ ലംഘിച്ച് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ, കുത്തേറ്റ വിദ്യാർഥി ചികിത്സയിലിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടുകയും ‘ബുൾഡോസർ രാജ്’ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദയ്പുർ റൂറൽ എം.എൽ.എയും ബി.ജെ.പി നേതാവുമായ ഫൂൽ സിങ് മീനയും ഇതേ ആവശ്യവുമായി രംഗത്തെത്തി.

സംഭവത്തിന് പിന്നാലെ ​റീജിയനൽ ഫോറസ്റ്റ് ഓഫിസർ പ്രതിയായ കുട്ടിയുടെ പിതാവിന് നോട്ടീസ് നൽകുന്നുണ്ട്. വീട് നിർമിച്ചിരിക്കുന്നത് സംരക്ഷിത വനഭൂമിയിലാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ആഗസ്റ്റ് 20ന് മുമ്പ് വീട് സ്വയം പൊളിച്ചുനീക്കിയില്ലെങ്കിൽ അധികൃതർ പൊളിക്കുമെന്നും ഇതിൽ വ്യക്തമാക്കി.

ആഗസ്റ്റ് 17ന് രാവിലെയാണ് വീടിന് മുന്നിൽ നോട്ടീസ് ഒട്ടിച്ച വിവരം അറിഞ്ഞതെന്ന് റാഷിദ് ഖാൻ പറഞ്ഞു. ‘എങ്ങനെയാണ് ഒരു കയ്യേറ്റ നോട്ടീസ് വീടിന്റെ ഉടമക്ക് പകരം വാടകക്കാരന് നൽകുന്നത്. സംഭവം അറിഞ്ഞതോടെ കലക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫിസുകളിൽ താൻ പോയി. അവധി ദിനമായതിനാൽ ഓഫിസുകൾ തുറന്നിരുന്നില്ല. ആഗസ്റ്റ് 20 വരെ സമയം നൽകിയിരുന്നെങ്കിലും 17ന് ഉച്ചക്കുശേഷം തന്നെ ബുൾഡോസറുമായെത്തി വീട് തകർത്തു’ -റാഷിദ് ഖാൻ പറയുന്നു.

‘സമീപത്തുള്ള വീടുകളെല്ലാം വനഭൂമിയിലാണ് നിർമിച്ചിരിക്കുന്നത്. ഇവർ ആരും നിർമാണ അനുമതി വാങ്ങിയിട്ടില്ല. നിലവിൽ ഈ പ്രദേശങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടി സർക്കാർ തലത്തിൽ പുരോഗമിക്കുകയാണ്. എന്റെ വീട്ടിൽ താമസിക്കുന്ന വാടകക്കാരനാണ് നോട്ടീസ് നൽകിയത്. ഇത് ശരിയായ നടപടിയല്ല. താനൊരു പാവപ്പെട്ട ഓട്ടോ ഡ്രൈവറാണ്. കഷ്ടപ്പെട്ടാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്’ -അധികൃതർക്ക് നൽകാനായി റാഷിദ് ഖാൻ തയാറാക്കിയ നിവേദനത്തിൽ പറയുന്നു.

വഴിയാധാരമായി ആബിദും കുടുംബവും

പ്രായപൂർത്തിയാകാത്ത പ്രതിയായ കുട്ടിയുടെ കുടുംബത്തിന് പുറമെ ഉദയ്പുർ റെയിൽവേ സ്റ്റേഷന് സമീപം ചായ വിൽപ്പന നടത്തുന്ന ബിഹാർ സ്വദേശി ആബിദ് ഖാനും കുടുംബവും ഈ വീട്ടിൽ വാടകക്ക് കഴിഞ്ഞിരുന്നു. ഈ വീട്ടിൽ വർഷങ്ങളായി താമസിക്കുന്നുണ്ടെന്നും 3000 രൂപയാണ് വാടക നൽകുന്നതെന്നും ആബിദ് പറഞ്ഞു. വീട് പൊളിച്ചതോടെ പുതിയ താമസസ്ഥലം കണ്ടെത്താൻ പാടുപെടുകയാണ്. എന്റെ ഇളയ മകൾക്ക് ഒരു വയസ്സ് പൂർത്തിയായിട്ടില്ല. നിലവിൽ സഹോദരനോടൊപ്പമാണ് താമസം. പുതിയ വീടിനായി തിരിച്ചിൽ തുടരുകയാണ്. പൊളിക്കുന്നതിനിടെ ഞങ്ങളുടെ പല സാധനങ്ങളും നഷ്ടപ്പെട്ടുവെന്നും ആബിദ് കൂട്ടിച്ചേർത്തു.

എല്ലാം നിയമവിധേയമായിട്ടാണ് ചെയ്തതെന്നാണ് ഉദയ്പുർ ജില്ല കലക്ടർ പോസ്‍വാളിന്റെ വാദം. എന്നാൽ, ഖൻജിപീർ മേഖലയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ ഇത്തരത്തിൽ താമസിക്കുന്നുണ്ടെന്നും അവർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും റാഷിദ് ഖാൻ തിരിച്ചുചോദിക്കുന്നു.

വീട് തകർത്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തുവന്നു. ‘രാജസ്ഥാനിൽ ഇത്തരം മേച്ചിൽ ഭൂമികളിൽ നിരവധി വീടുകൾ നിർമിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. പ്രത്യേകം ആളുകൾക്ക് നേരെ മാത്രമാണ് സർക്കാർ പൊളിക്കൽ നടപടി സ്വീകരിക്കുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കുകയും കോടതികളിൽ വിചാരണ നടത്തുകയുമാണ് വേണ്ടത്. എന്നാൽ, ഈ നിയമങ്ങൾ ​പേപ്പറിൽ മാത്രമായി ഒതുങ്ങുന്നു’ -അഭിഭാഷകനും മനുഷ്യാ​വകാശ പ്രവർത്തകനുമായ അഖിൽ ചൗധരി പറഞ്ഞു.

വീട് പൊളിച്ചതോടെ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് റാഷിദ് ഖാൻ വ്യക്തമാക്കി. തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം. കുട്ടിയെ കുത്തിയ പ്രതി ശിക്ഷിക്കപ്പെടണം. എന്നാൽ, അതിന് തന്റെ വീട് പൊളിക്കുന്നത് ഒരിക്കലും നീതിയല്ലെന്നും റാഷിദ് ഖാൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News