'മുദ്ര വെച്ച കവറി'ല്‍ സുപ്രിംകോടതിയുടെ സ്വാഗതാർഹ നീക്കം- ദ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയല്‍

ദ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റോറിയലിന്‍റെ പൂര്‍ണരൂപം

Update: 2022-03-17 07:24 GMT
Advertising

സര്‍ക്കാര്‍ ഏജന്‍സികള്‍ മുദ്ര വെച്ച കവറില്‍ വിവരങ്ങള്‍ കൈമാറുന്ന അസ്വസ്ഥജനകമായ രീതി വേണ്ടെന്ന തീരുമാനത്തിലൂടെ സുപ്രിംകോടതിയുടെ രണ്ടു വ്യത്യസ്ത ബെഞ്ചുകള്‍ ശരിയായ കാര്യമാണ് ചെയ്തത്. ബിഹാർ സർക്കാർ ഉൾപ്പെട്ട ഒരു കേസിൽ, എല്ലാ വാദങ്ങളും തുറന്ന കോടതിയിൽ അവതരിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. "ദയവായി ഞങ്ങൾക്ക് സീൽ ചെയ്ത കവർ നൽകരുത്, ഞങ്ങൾക്ക് അതുവേണ്ട"- പറ്റ്ന ഹൈക്കോടതി അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. മലയാളം ടിവി ചാനലായ മീഡിയവണിനെ കേന്ദ്രസർക്കാർ നിരോധിച്ചതിനെതിരായ അപ്പീലിൽ വാദം കേൾക്കുന്നതിനിടെ ഇക്കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവര്‍ത്തിച്ചു. കേന്ദ്രസർക്കാർ മുദ്ര വെച്ച കവറിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി നിരോധനം ശരിവച്ചതിനെ തുടർന്ന് ഫെബ്രുവരി എട്ടിന് ചാനൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. എന്നാൽ സുപ്രിംകോടതിയിൽ സർക്കാർ ഈ രീതി ആവർത്തിച്ചപ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചാനലിന്‍റെ നിരോധനം സ്റ്റേ ചെയ്തു.

സമീപകാലത്ത് പൊതുതാൽപ്പര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ നല്‍‌കുന്ന പ്രവണത നിലനിര്‍ത്തുന്നതില്‍ ദൗര്‍ഭാഗ്യവശാല്‍ സുപ്രിംകോടതി തന്നെ പങ്ക് വഹിച്ചിട്ടുണ്ട്. റഫാൽ കേസ് ഔദ്യോഗിക രഹസ്യ നിയമവുമായി ബന്ധപ്പെട്ട വിഷയമാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ഭീമ-കൊറേഗാവ് കേസിൽ ആക്റ്റിവിസ്റ്റുകളുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത് മഹാരാഷ്ട്ര പൊലീസ് മുദ്ര വെച്ച കവറിൽ സമർപ്പിച്ച 'തെളിവുകളെ' ആശ്രയിച്ചായിരുന്നു. അസമിലെ എൻആർസി വിഷയത്തില്‍ 19 ലക്ഷത്തോളം പൗരന്മാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയപ്പോള്‍ എൻആർസി കോർഡിനേറ്ററില്‍ നിന്നും കോടതി മുദ്രവെച്ച കവറിൽ വിശദാംശങ്ങൾ തേടി. സർക്കാരിനെയോ ബാധിക്കുന്ന കക്ഷികളെയോ അവ പരിശോധിക്കാന്‍ അനുവദിച്ചില്ല. സിബിഐ ഡയറക്ടർ അലോക് വർമയ്‌ക്കെതിരായ അഴിമതിയാരോപണ കേസിൽ, ഏജൻസിയിൽ പൊതുജനവിശ്വാസം നിലനിർത്താൻ കേന്ദ്ര വിജിലൻസ് കമ്മീഷൻ മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ജനാധിപത്യത്തിൽ ചില കാര്യങ്ങള്‍ മാത്രമേ രഹസ്യാത്മകമാകാവൂ- സൂക്ഷ്മത പുലര്‍ത്തേണ്ട അന്താരാഷ്ട്ര ചർച്ചകൾ, സുരക്ഷയുമായി ബന്ധപ്പെട്ടവ, ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരുടെ വിവരങ്ങള്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ വിശദാംശങ്ങൾ. നിയമ വ്യവഹാരത്തില്‍ എല്ലാ കക്ഷികൾക്കും തെളിവുകൾ പരിശോധിക്കാൻ ന്യായമായ അവസരം ലഭിക്കണമെന്ന് സ്വാഭാവിക നീതിയുടെ തത്വം ആവശ്യപ്പെടുന്നു. കോടതി വിധികളുടെ കാരണങ്ങൾ അറിയാനും അവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും പൗരന്മാർക്ക് അർഹതയുണ്ട്. അത്തരം സുതാര്യത ജുഡീഷ്യറിയുടെ നിയമസാധുതയുടെ ഉറവിടങ്ങളിലൊന്നാണ്. സീൽഡ് കവർ വ്യവഹാരം കൈകാര്യം ചെയ്യുന്നതിനായി കേസിന്റെ പരിധി വിപുലീകരിക്കുമെന്ന് മീഡിയവൺ കേസിലെ മൂന്നംഗ ബെഞ്ച് പറഞ്ഞു. അത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News