ആന്ധ്രയിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്ഡി സർക്കാർ

13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും

Update: 2022-04-03 08:20 GMT
Advertising

ആന്ധ്രപ്രദേശിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ച് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും. നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഇതിനാവശ്യമായ നടപടികളെല്ലാം വൈഎസ്ആർ കോൺഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്നിരിക്കുകയാണ്. നാളെ തന്നെ ജില്ലകളിൽ ചുമതലയേറ്റെടുക്കാൻ ഓഫീസർമാർക്ക് നിർദേശം നൽകിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികൾ പൂർത്തിയാക്കാനും പറഞ്ഞിട്ടുണ്ട്. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും അദ്ദേഹം തന്നെ നാളെ പ്രകാശനം ചെയ്യും.

വാർഡുകളിലും ഗ്രാമങ്ങളിലും അക്ഷീണം പ്രവർത്തിച്ച വളണ്ടിയർമാരെ ഏപ്രിൽ ആറിന് മുഖ്യമന്ത്രി അഭിനന്ദിക്കും. ജില്ലകൾ പുനഃക്രമീകരിക്കാനായി നാലു ഉപസമിതികൾ മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ചിരുന്നു.

മുമ്പ് ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന വിവാദ ബില്ല് ജഗൻ സർക്കാർ റദ്ദാക്കി അമരാവതിയെ ആന്ധ്രയുടെ സ്ഥിരം തലസ്ഥാനമാക്കിയിരുന്നു. വിശാഖപട്ടണം എക്സിക്യൂട്ടീവ്(ഭരണനിർവഹണ) തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ്(നിയമനിർമാണ) തലസ്ഥാനമായും കർണൂൽ ജുഡീഷ്യൽ(നീതിന്യായ) തലസ്ഥാനമായും തിരിച്ചുള്ള എ.പി ഡീസെൻട്രലൈസേഷൻ ആൻഡ് ഇംക്ലൂസീവ് ഡെവലപ്മെന്റ് ബില്ലാണ് ആന്ധ്ര സർക്കാർ പിൻവലിച്ചത്.

അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനമാണ് വൈഎസ്ആർ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനു പകരമായാണ് മൂന്നു തലസ്ഥാനങ്ങൾ എന്ന നിർദേശം മുന്നോട്ടുവച്ചത്. മൂന്നു മേഖലകൾക്കും തുല്യ പരിഗണനയും വികസനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. മൂന്ന് തലസ്ഥാന നീക്കത്തിനെതിരെ 700 ദിവസത്തോളം കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു. വിശാഖപട്ടണത്തും കർണൂലിലുമെല്ലാം കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കവും വൻപ്രതിഷേധം വിളിച്ചുവരുത്തി. തുടർന്നായിരുന്നു സർക്കാറിന്റെ യുടേൺ.

പ്രദേശം അവഗണിക്കപ്പെടുന്നുവെന്ന് കാണിച്ച് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചിരുന്നു. രൂപവത്കരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന് ഇരു സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായപ്പോൾ ആന്ധ്രയിൽ ജഗൻമോഹന്റെ വൈഎസ്ആർ കോൺഗ്രസും തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയുമാണ് അധികാരത്തിലുള്ളത്.

The Jaganmohan Reddy government has declared 13 districts in Andhra Pradesh

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News