എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനസ്ഥാപിച്ചു
കേന്ദ്രത്തിന്റെ നടപടിക്കെതിരെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംപിമാർ രംഗത്തെത്തിയിരുന്നു
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്രം പുനസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം രണ്ട് കോടി രൂപ എംപിമാർക്ക് അനുവദിക്കും.കോവിഡ് കാലത്ത് റദ്ദാക്കിയ ഫണ്ട് ആണ് പുനസ്ഥാപിച്ചത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2023 മുതൽ 2026 വരെ 5 കോടി രൂപ എംപിമാർക്ക് അനുവദിക്കും. രണ്ട് ഘട്ടമായി 2.5 കോടി വീതമായിരിക്കും 2023 മുതൽ നൽകുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഫണ്ട് റദ്ദാക്കുകയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ നടപടിക്കെതിരെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംപിമാർ രംഗത്തെത്തിയിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ഫണ്ട് റദ്ദാക്കിയതെങ്കിൽ കോവിഡ് പ്രവർത്തനങ്ങൾ എംപിമാർ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്നായിരുന്നു എംപിമാരുടെ ചോദ്യം. കേന്ദ്ര സർക്കാർ ഫണ്ട് റദ്ദാക്കാനെടുത്ത തീരുമാനത്തിൽ നിന്ന് അന്ന് പിന്നോട്ട് പോകാൻ തയ്യാറായിരുന്നില്ല. എന്നാൽ ബിജെപി എംപിമാരുടെ കടുത്ത എതിർപ്പ് ശക്തമായതോടെയാണ് കേന്ദ്രം ഫണ്ട് റദ്ദാക്കിയ നടപടി തിരുത്താൻ തയ്യാറായത്.