സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടികള്‍ ഇനി തത്സമയം; അടുത്ത ആഴ്ച മുതൽ ലൈവ് സ്‌ട്രീമിങ്
മുൻചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ ആഗ്രഹപ്രകാരം സുപ്രിം കോടതി നടപടികൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരുന്നു
സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങൾ അടുത്ത ആഴ്ചമുതൽ ലൈവ് സ്ട്രീം ചെയ്യും. കോടതി നടപടികൾ കൂടുതൽ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സുപ്രധാന കേസുകളിലാണ് അടുത്തയാഴ്ച വാദം കേൾക്കുന്നത്.
മുൻചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ ആഗ്രഹപ്രകാരം സുപ്രിം കോടതി നടപടികൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചിരുന്നു. അതിന്‍റെ ആദ്യപടിയായാണ് ഭരണഘടനാ ബെഞ്ചിന്‍റെ നടപടിക്രമങ്ങൾ അടുത്ത ചൊവ്വാഴ്ച മുതൽ ലൈവ് സ്ട്രീം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അടുത്ത ആഴ്ച സുപ്രധാന കേസുകളാണ് പരിഗണിക്കുക.
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളും, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളും, സംവരണ കേസുകളിലും അടുത്ത ആഴ്ച ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. നടപടിക്രമങ്ങൾ യൂട്യൂബ് വഴിയാകും ജനങ്ങളിലേക്ക് എത്തുക. സുപ്രിം കോടതി വെബ്സൈറ്റിലും, നിയമ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലും കോടതി നടപടികൾ കാണുന്നതിന് ആവശ്യമായ ലിങ്കുകളും ലഭ്യമാക്കും. സുപ്രിം കോടതിയിലെ മുഴുവൻ കേസുകളും ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.