'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ'; ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി
2019-ൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സർക്കാർ ഭരണം പരിശോധിക്കുന്നതാണ് രണ്ടാം എപ്പിസോഡ്. വിവാദ നയങ്ങളുടെ ഒരു പരമ്പര തന്നെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി സംപ്രേഷണം ചെയ്തു. 2019ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നത്. https://www.bbc.co.uk/programmes/p0dkb2kx
ഗുജറാത്ത് കലാപവും അതിൽ മോദിയുടെ പങ്കും വ്യക്തമാക്കുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്.
2019-ൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സർക്കാർ ഭരണം പരിശോധിക്കുന്നതാണ് രണ്ടാം എപ്പിസോഡ്. വിവാദ നയങ്ങളുടെ ഒരു പരമ്പര തന്നെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്.
ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബി.ബി.സിയും.