അലർച്ച കേള്‍ക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചു; മോഷണം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

മോഷണം ഏറ്റുപറയാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ യുവതിയെ ബ്ലേഡും വടിയും ഉപയോഗിച്ച് ആക്രമിക്കുകയും യുവതിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വെക്കുകയുമായിരുന്നു

Update: 2023-06-21 12:56 GMT
Advertising

ഗാസിയാബാദ്:  വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ച് യുവതിയെ ബന്ധുക്കൾ പീഡിപ്പിച്ച് കൊലപ്പെടുത്തി. സമീന എന്ന 23 കാരിയെയാണ് ബന്ധുക്കൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മോഷണം ഏറ്റുപറയാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ യുവതിയെ ബ്ലേഡും വടിയും ഉപയോഗിച്ച് ആക്രമിക്കുകയും യുവതിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വെക്കുകയുമായിരുന്നു. രണ്ട് ദിവസമായി വീട്ടിൽ നിർത്താതെ പാട്ട് കേൾക്കുന്നത് കേട്ട് സംശയം തോന്നിയ അയൽവാസികളാണ് പൊലീസിൽ  വിവരമറിയിച്ചത്.

തിങ്കളാഴ്ച ബന്ധുക്കളായ ഹീനയുടെയും രമേഷിന്റെയും മകന്‍റെ പിറന്നാള്‍ ആഘോഷത്തിനായി ഇവരുടെ വീട്ടിൽ എത്തിയതായിരുന്നു സമീന. ഇവിടെ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് സമീനയാണ് മോഷ്ടിച്ചതെന്ന് ദമ്പതികള്‍ ആരോപിക്കുകയായിരുന്നു. ശേഷം ഹീനയും രമേശും ഇവരുടെ ബന്ധുക്കളും ചേർന്ന് സമീനയെ ആക്രമിക്കുകയും കുറ്റം സമ്മതിപ്പിക്കാനായി ഇവർ സമീനയുടെ ശരീരഭാഗങ്ങൾ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ സമീന മരണപ്പെട്ടതോടെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. എന്നാൽ സമീനയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി വെച്ച പാട്ട് ഓഫ് ചെയ്യാൻ പ്രതികള്‍ മറന്നു പോയി. തുടർച്ചയായ രണ്ട് ദിവസം നിർത്താതെ പാട്ട് കേട്ടതാണ് അയൽവാസികളിൽ സംശയമുണർത്തിയത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രവികുമാർ പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News