ജാമിഅ മില്ലിയയിൽ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം ഇന്നുണ്ടാകില്ല; വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചു
ഡോക്യുമെന്ററി പ്രദർശനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം ജാമിഅ മില്ലിയ്യ സർവകലാശാലയിൽ ഇന്നുണ്ടാകില്ല. വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ക്യാമ്പസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു.
സർവകലാശാല ക്യാമ്പസിനകത്ത് യാതൊരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. സർവകലാശാലയുടെ നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ക്യാമ്പസിനകത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് വിദ്യാർഥി സംഘടനകൾ നടത്തുന്നതെന്ന് സർവകലാശാലാ അധികൃതർ കുറ്റപ്പെടുത്തി. വിദ്യാർഥികളെ കരുതൽ തടങ്കലിൽവെച്ചതിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികൾ പ്രകോപനം കൂടാതെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് വലിച്ചിഴച്ച് ബലം പ്രയോഗിച്ച് നീക്കി. യൂണിവേഴ്സിറ്റിയിലെ എല്ലാ ഗേറ്റുകളും ഇതിനോടകം അടച്ചിട്ടുണ്ട്. എൻ.എസ്.യു നേതാവ് അബ്ദുൽ ഹമീദിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറി ലുബൈബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിന് അകത്തുള്ളവരെ പുറത്തിറങ്ങാനും പൊലീസ് അനുവദിച്ചിരുന്നില്ല. ക്യാമ്പസിനടുത്ത്‌നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്.
എന്തുവന്നാലും ആറു മണിക്ക് വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം പൊലീസ് ആറ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധത്തിന്റെ ഭാഗമാകാത്ത വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മാധ്യമങ്ങളോട് സംസാരിച്ച വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിന് വിലക്കേർപ്പെടുത്തി ജാമിഅ മില്ലിയ്യ സർവകലാശാല നേരത്തെ രംഗത്തെത്തിയിരുന്നു.