'നമ്മുടെ മതം അപകടത്തിലാണെന്ന് പറയുന്നവരോട് അത് ഞങ്ങൾ നോക്കിക്കോളാം എന്ന് പറയണം'- നടൻ റിതേഷ് ദേശ്മുഖ്

"മതം പറഞ്ഞ് വോട്ട് പിടിക്കുന്ന പാർട്ടി നാശത്തിന്റെ വക്കിലാണ്, അവർക്ക് പിടിച്ചു നിൽക്കാൻ മതം കൂടിയേ തീരൂ"

Update: 2024-11-11 14:35 GMT
Advertising

മുംബൈ: നമ്മുടെ മതം അപകടത്തിലാണ് എന്ന് പറയുന്നവരോട് അത് ഞങ്ങൾ നോക്കിക്കോളാം, നിങ്ങൾ വികസനത്തെ കുറിച്ച് പറയൂ എന്ന് തിരിച്ചു പറയണമെന്ന് ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. മതം പറഞ്ഞ് വോട്ട് പിടിക്കുന്ന പാർട്ടി നാശത്തിന്റെ വക്കിലാണെന്നും അവർക്ക് പിടിച്ചു നിൽക്കാൻ മതം കൂടിയേ തീരൂ എന്നും റിതേഷ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ, സഹോദരനും ലാത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ധീരജ് ദേശ്മുഖിന് വേണ്ടി നടത്തിയ പ്രചാരണത്തിലായിരുന്നു റിതേഷിന്റെ പരാമർശം.

റിതേഷിന്റെ വാക്കുകൾ:

"നമ്മുടെ മതം അപകടത്തിലാണെന്ന് പറയുന്നവരുടെ പാർട്ടിയാണ് ശരിക്കും അപകടത്തിൽ. തങ്ങളെ രക്ഷിക്കാൻ അവർ അവരുടെ ധർമത്തോട് (മതം) പ്രാർഥിക്കുന്നു. അങ്ങനെയുള്ളവരോട് പറയണം, ഞങ്ങളുടെ മതത്തെ ഞങ്ങൾ നോക്കിക്കോളാം, നിങ്ങളാദ്യം വികസനത്തെ കുറിച്ച് സംസാരിക്കൂ എന്ന്. ഭഗവാൻ കൃഷ്ണൻ പറഞ്ഞിട്ടുണ്ട് കർമമാണ് ധർമമെന്ന്, അതാണ് മതമെന്ന്... തങ്ങളുടെ കർമം വീഴ്ച കൂടാതെ, ആത്മാർഥതയോടെ ചെയ്യുന്നവർ ധർമവും അനുഷ്ഠിക്കുന്നുണ്ട്. അവർക്ക് മതത്തോട് സ്വാഭാവികമായ കൂറുമുണ്ടായിരിക്കും. സ്വന്തം കർമം ചെയ്യാത്തവർക്കാണ് മതം ആവശ്യമായി വരുന്നത്".

മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ തൊഴിലില്ലായ്മയിൽ അടിന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട റിതേഷ്, കർഷകരുടെ പ്രശ്‌നങ്ങൾ അവഗണിക്കരുതെന്നും കൂട്ടിച്ചേർത്തു. ലാത്തൂരിൽ ബിജെപിയുടെ രമേശ് ഖരാഡിനെതിരെയാണ് ധീരജ് മത്സരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ 1.21 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ധീരജിന്റെ ജയം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News