സ്ഥാനാർഥി നിർണയത്തിൽ പുകഞ്ഞ് കോൺഗ്രസും ബി.ജെ.പിയും; രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഇന്ന്
ബി.ജെ.പിയും കോൺഗ്രസും ഇത് വരെ ഏഴ് സംസ്ഥാനങ്ങളിലേക്ക് ഉള്ള സ്ഥാനാർഥികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ
ഡൽഹി: രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഇന്ന്. കോൺഗ്രസിനകത്ത് പ്രതിഷേധം ശക്തം. രണ്ടാം ഘട്ട പട്ടിക ബി.ജെ.പിയും കോൺഗ്രസും ഇന്ന് പ്രഖ്യാപിച്ചേക്കും. ജാർഖണ്ഡിലെ സ്ഥാനാർഥി പ്രഖ്യാപനവും ഏറ്റവും ഒടുവിൽ കോൺഗ്രസിന് വെല്ലുവിളി ആയിട്ടുണ്ട്. സോണിയാ ഗാന്ധി ഇടപെട്ടിട്ടും ജെ.എം.എം രാജ്യസഭാ സ്ഥാനാർഥിയായി വനിതാ വിഭാഗം അധ്യക്ഷ മഹുവ മാജിയെ പ്രഖ്യാപിച്ചു.
സഖ്യകക്ഷികളുമായി ഇതോടെ ജാർഖണ്ഡിൽ കോൺഗ്രസിനും അകൽച്ചയുണ്ട്. ജെ.എം.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ജാർഖണ്ഡ് പി.സി.സി അധ്യക്ഷൻ അവിനാഷ് പാണ്ഡെ ഡൽഹിയിൽ എത്തി സോണിയാഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. നഗ്മ, പവൻ ഖേര എന്നിവരെ കൂടാതെ ജി 23 വിഭാഗം നേതാക്കളുടെയും എതിർപ്പിനെ അതിജീവിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ആദ്യഘട്ട പട്ടികയിൽ ഇടം പിടിക്കാത്ത ബി.ജെ.പി കോൺഗ്രസ് നേതാക്കൾക്ക് പ്രതീക്ഷ രണ്ടാം ഘട്ട പട്ടികയിലാണ്.
ചിന്തൻ ശിബിരിന് ശേഷം പാർട്ടി സ്വീകരിച്ച അടവ് നയത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പറയുമ്പോഴും മുതിർന്ന നേതാക്കളുടെ എതിർപ്പിനെ വകവെയ്ക്കാതെ കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയില്ല. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 സീറ്റുകളിലേക്ക് നാമനിർദേേഹശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതിയാണ് ഇന്ന്. എന്നാൽ ബി.ജെ.പിയും കോൺഗ്രസും ഇത് വരെ ഏഴ് സംസ്ഥാനങ്ങളിലേക്ക് ഉള്ള സ്ഥാനാർഥികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.