ലങ്കയെ തരിപ്പണമാക്കി ഇന്ത്യ, കിം ഹമാസിനെ പിന്തുണക്കുമോ?; ട്വിറ്റർ ട്രെൻഡിംഗ്സ്
ശ്രീലങ്കക്കെതിരെ 302 റൺസിൻ്റെ കൂറ്റൻ വിജയത്തോടെയാണ് ഇന്ത്യ സെമിയിലെത്തിയത്
ലങ്കയെ തരിപ്പണമാക്കി ഇന്ത്യ
ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ 302 റൺസിന്റെ കുറ്റൻ വിജയത്തോടെ സെമിയിലേക്ക് കുതിച്ച് ഇന്ത്യ. ഇതോടെ സെമിയിലേക്കെത്തുന്ന ആദ്യ ടീമാവുകയാണ് ഇന്ത്യ. ശുഭ്മൻ ഗിൽ(92), വിരാട് കോഹ്ലി(88), ശ്രേയസ് അയ്യർ(82) എന്നിവരുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ സാക്ഷി നിർത്തി വിരാട് കോഹ്‌ലി 49-ാം ഏകദിന സെഞ്ച്വറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 88 റൺസിൽ കോഹ്ലിക്ക് കൂടാരം കേറേണ്ടി വന്നു. സെഞ്ചുറിക്ക് എട്ട് റൺസ് ബാക്കി നിൽക്കെയാണ് ഗില്ല് മടങ്ങിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വിജയങ്ങൾ നേടിയ റെക്കോഡ് പട്ടികയിൽ ഇന്ത്യ ഒന്നും നാലും സ്ഥാനത്താണുള്ളത്. 2023 ജനുവരി 15ന് തിരുവനന്തപുരത്ത് നടന്ന ഇന്ത്യ ശ്രീലങ്ക കളിയിൽ 317 റൺസ് നേടി ഒന്നാം സ്ഥാനം പിടിച്ച ഇന്ത്യ ഇന്നത്തെ ശ്രീലങ്കയുമായുള്ള കളിയിലൂടെ 302 റൺസ് വിജയം നേടി നാലാം സ്ഥാനവും സ്വന്തമാക്കി. നെതർലൻഡുമായുള്ള കളിയിൽ 309 റൺസ് വിജയം നേടി ആസ്‌ത്രേലിയ രണ്ടാം സ്ഥാനത്തും അമേരിക്കയുമായുള്ള കളിയിൽ 304 റൺസ് വിജയവുമായി സിംബാബ്‌വേ മുന്നാം സ്ഥാനത്തുമാണ്.
എത്തിക്‌സ് കമ്മറ്റിയുടെ എത്തിക്‌സ്
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ എം.പി മഹുവ മൊയ്ത്ര, ബി.എസ്.പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളാണ് സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റി ചോദിച്ചതെന്നും ധാർമികതയ്ക്ക് നിരക്കാത്ത ചോദ്യങ്ങളായിരുന്നെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ആരുടെയോ നിർദേശപ്രകാരമാണ് കമ്മിറ്റി ചോദ്യങ്ങൾ ചോദിക്കുന്നത്. മഹുവമൊയ്ത്രയുമായി ബന്ധപ്പെട്ട് പണമിടപാട് നടന്നതിൽ യാതൊരു തെളിവുമില്ല. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതെന്നുമാണ് എത്തിക്‌സ് കമ്മിറ്റിയിലെ അംഗങ്ങളായ പ്രതിപക്ഷ എം.പിമാർ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെയുള്ള പ്രതികാര നടപടിയാണ് എത്തിക്‌സ് കമ്മിറ്റിവരെ എത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്ര എന്നിവർ നൽകിയ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി മഹുവയോട് ഹാജരാകാൻ നിർദേശിച്ചത്. കേന്ദ്ര സർക്കാരിനും അദാനിക്കും എതിരെ പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. മഹുവ ലോക്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് പരാതി.
മോഹൻലാൽ-ജീത്തുജോസഫ് ചിത്രം 'നേര്' ക്രിസ്തുമസിന്
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ-ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം നേര് ക്രിസ്തുമസ്-പുതുവത്സര റീലീസായെത്തും. ഡിസംബർ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദൃശ്യം 2, ഗാനഗന്ധർവൻ തുടങ്ങിയ സിനിമകളിൽ വക്കീൽ വേഷത്തിലൂടെ ശ്രദ്ധേയയായ ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരകഥയൊരുക്കിയത്. നീതി തേടുക എന്ന ടാഗ് ലൈനോടെ പുറത്തിറക്കുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്.
ഉലക നായകന്റെ 'ഇന്ത്യൻ ഇൻട്രോ' നാളെ
കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' വിന്റെ ആദ്യ ഗ്ലിംസ് വീഡിയോ നാളെ പുറത്തിറങ്ങും. കമൽഹാസന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടാണ് 'ഇന്ത്യൻ ഏൻ ഇൻട്രോ' എന്ന പേരുള്ള ഗ്ലിംസ് വീഡിയോ പുറത്തിറക്കുന്നത്. ശങ്കറിന്റെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2.
സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസായും ഇരട്ടവേഷത്തിലാണ് കമൽ ഹാസൻ ആദ്യഭാഗത്തിലെത്തിയിരുന്നത്. ശങ്കറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രാകുൽ പ്രീത് സിംഗ്, പ്രിയാ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരാണ് 'ഇന്ത്യൻ 2'വിലെ പ്രധാന അഭിനേതാക്കൾ. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ലൈക്ക പൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഹമാസിന് ആയുധം നൽകുമെന്ന് കിം ജോങ് ഉൻ
ഇസ്രയേൽ അധിനിവേശത്തിനെതിരെ ചെറുത്തുനിൽക്കുന്ന ഹമാസടക്കമുള്ള പോരാളി സംഘടനകൾക്ക് ആയുധം നൽകാനും ഫലസ്തീന് പിന്തുണ നൽകാനും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ഉത്തരവിട്ടതായി വാർത്തകൾ. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ, അനന്തോളു ന്യൂസ് ഏജൻസി തുടങ്ങിയ നിരവധി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെ അംഗീകരിക്കാത്ത ഉത്തര കൊറിയയുടെ ഏകാധിപതി ഹമാസിന് പ്രധാന ആയുധങ്ങൾ നൽകി സഹായിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. സയണിസ്റ്റുകളുടെ അജണ്ടകൾ തുറന്നുകാട്ടുന്ന ജാക്സൻ ഹിൻക്ലെയടക്കം ഇക്കാര്യം എക്സിലും (ട്വിറ്റർ) പങ്കുവെച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ നാഷണൽ ഇൻറലിജൻറ്സ് സർവീസ് പാർലമെൻററി ഇൻറലിജൻറ്സ് കമ്മിറ്റിയുടെ ഓഡിറ്റ് സെഷനിൽ ഈ വിവരം പങ്കുവെച്ചതായാണ് സിയോൾ കേന്ദ്രീകരിച്ചുള്ള യോൻഹാപ് ന്യൂസ് മുഖേന അനന്തോളു റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിലെ ഭരണകക്ഷി അംഗം യൂ സാങ് ബൂമിനെ ഉദ്ധരിച്ചാണ് വാർത്ത. 'ഇസ്രായേൽ -ഹമാസ് യുദ്ധത്തിന്റെ നേട്ടങ്ങൾ വിവിധ നിലയ്ക്ക് നേടാൻ ഉത്തര കൊറിയ ശ്രമിക്കുകയാണ്' യൂ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
കരുതലിന്റെ ചുംബനം
ഫലസ്തീനെ പിന്തുണച്ചതിന് ഓർത്തഡോക്സ് ജൂതരെ ചുംബിച്ച് മുസ്ലിം യുവാവ്. സയണിസത്തിനും സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിന്റെ ക്രൂരതയ്ക്കുമെതിരെ പ്രതിഷേധിച്ച ജൂതരെ യുവാവ് ചുംബിക്കുന്ന വീഡിയോ എക്സിൽ (ട്വിറ്ററിൽ) നിരവധി പേരാണ് പങ്കുവെച്ചത്. ഇസ്രായേൽ - ഫലസ്തീൻ യുദ്ധ വിവരങ്ങൾ കൈമാറുന്ന ജാക്സൻ ഹിൻങ്ക്ലെ, സെൻസേർഡ് മെൻ തുടങ്ങിയവരൊക്കെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സയണിസത്തിനും ഇസ്രായേൽ ക്രൂരതയ്ക്കുമെതിരെയുള്ള പോസ്റ്ററുകൾ പിടിച്ചു നിൽക്കുന്ന ജൂത മത വിശ്വാസികളെ ഓരോരുത്തരെയായി ചുംബിക്കുന്ന മുസ്ലിം യുവാവാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഒരു യൂറോപ്യൻ രാജ്യത്ത് നിന്നുള്ളതാണെന്നാണ് സ്പ്രിൻറർ എന്ന ട്വിറ്റർ ഹാൻഡിൽ പറയുന്നത്.