ഡൽഹി ദ്വാരകയിൽ ഗുണ്ടാ സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടി; രണ്ടുപേർ പിടിയിൽ
കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്


ന്യൂ ഡൽഹി: ഡൽഹി ദ്വാരകയിൽ ഗുണ്ടാ സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കുപ്രസിദ്ധ ഗുണ്ടാസംഘമായ കാലാ ജതേഡി സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. സംഘത്തിലെ രണ്ടുപേർ പിടിയിലായി. ഇവരുടെ കാലിന് വെടിയേറ്റു.
ഇന്നലെ രാത്രിയാണ് ദ്വാരകയിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ദ്വാരകയിൽ ഗുണ്ടാസംഘങ്ങൾ ഒളിവിൽ കഴിയുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിയത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ എസിപി സഞ്ജയ് ദത്തിന്റെയും ഇൻസ്‌പെക്ടർ സന്ദീപ് ദബാസിന്റെയും നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ പ്രദേശം വളഞ്ഞ് എല്ലാവരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടു.
എന്നാൽ പിന്നാലെ തന്നെ ഗുണ്ടകൾ പൊലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങുകയായിരുന്നു. തിരിച്ച് പൊലീസ് വെടിയുതിർത്തപ്പോഴാണ് രണ്ട് പേർക്ക് പരിക്കേറ്റത്. കുപ്രസിദ്ധ ഗുണ്ടാസംഘം സന്ദീപ് എന്ന കലാ ജാതേദിയുടെ ഷാർപ്പ് ഷൂട്ടർമാർക്കാണ് വെടിയേറ്റത്. ഇവർക്കെതിരെ നിരവധി പരാതികൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതര പരിക്കുകൾ ഇല്ല. ഇരുവരും നജഫ്ഗഡ് മേഖലയിൽ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ഒളിവിലായിരുന്നു. ഇവരെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപിക്കപ്പെടുന്ന സന്ദീപ് എന്ന കലാ ജതേദിയുടെയും ഓം പ്രകാശ് കലയുടെയും സംഘവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കലാ ജതേദി നിലവിൽ തിഹാർ ജയിലിലാണ്. പക്ഷേ ഇയാളുടെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാ സംഘങ്ങൾ ഇപ്പോഴും സജീവമാണ്.