ഝാർഖണ്ഡിൽ സ്വകാര്യ നഴ്സിങ് ഹോമിൽ തീപ്പിടിത്തം; ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം
അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
റാഞ്ചി: ഝാർഖണ്ഡിൽ സ്വകാര്യ നഴ്സിങ് ഹോമിൽ തീപ്പിടിത്തം. ഡോക്ടറും ഡോക്ടറായ ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു. ധൻബാദ് ജില്ലയിലെ ബാങ്ക് മോർ പ്രദേശത്തെ നഴ്സിങ് ഹോമിലെ താമസ സ്ഥലത്താണ് സംഭവം.
അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീപ്പിടിത്തതിൽ രണ്ടാൾക്കു കൂടി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇവിടുത്തെ സ്റ്റോർ റൂമിലാണ് തീപ്പിടിത്തമുണ്ടായത്. അതേസമയം, എന്താണ് തീപ്പിടിത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
'അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഡോക്ടർ, ഭാര്യ, അദ്ദേഹത്തിന്റെ മരുമകൻ, മറ്റൊരു ബന്ധു, വീട്ടുജീവനക്കാരി എന്നിവരാണ് മരിച്ചത്'- ധൻബാദ് ഡി.എസ്.പി അരവിന്ദ് കുമാർ ബിൻഹ അറിയിച്ചു.
'ഡോ. വികാസ് ഹസ്റ, ഭാര്യ ഡോ. പ്രേമ ഹസ്റ, ഇദ്ദേഹത്തിന്റെ മരുമകൻ സോഹൻ ഖമരി, വീട്ടു വേലക്കാരി താരാ ദേവി എന്നിവരും മറ്റൊരു ബന്ധുവുമാണ് മരിച്ചത്. തീപ്പിടിത്തത്തെ തുടർന്ന് ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നു'- ധൻബാദ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രേംകുമാർ തിവാരി പറഞ്ഞു.