പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം: രണ്ട് സൈനികര്‍ പിടിയില്‍
കാര്‍ഗിലിലെ സൈനിക കേന്ദ്രത്തില്‍ ക്ലര്‍ക്കായ ഗുർഭേജ് സിങിന് സൈനിക തന്ത്രങ്ങളടങ്ങിയ രേഖകള്‍ എളുപ്പത്തില്‍ ലഭിച്ചിരുന്നു
പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് ഇന്ത്യന്‍ സൈനികരെ പിടികൂടിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. എന്‍.ഡി.ടി.വിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ജമ്മു കശ്മീരിലെ അനന്തനാഗില്‍ ജോലി ചെയ്യുന്ന 19ആം രാഷ്ട്രീയ റൈഫിള്‍സിന് കീഴിലെ സിപോയ് ഹര്‍പ്രീത് സിങ്(23), കാർഗിലിൽ 18 സിഖ് ലൈറ്റ് ഇൻഫൻട്രിയിൽ ക്ലര്‍ക്കായ സിപോയ് ഗുർഭേജ് സിങ് (23)എന്നിവരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രതിരോധ-ദേശീയ സുരക്ഷയെ ബാധിക്കുന്ന 900ത്തിന് മുകളില്‍ രഹസ്യസ്വഭാവമുള്ള രേഖകള്‍ അതിർത്തിയിലെ മയക്കുമരുന്ന് കള്ളക്കടത്തുകാരനായ രൺവീർ സിങ്ങിന് കൈമാറിയതായി പഞ്ചാബ് ഡി.ജി.പി ദിന്‍കര്‍ ഗുപ്ത വ്യക്തമാക്കി. 2021 ഫെബ്രുവരി-മെയ് മാസങ്ങള്‍ക്കിടയിലാണ് ഇത്തരത്തില്‍ രഹസ്യരേഖകള്‍ പങ്കുവെച്ചതെന്നും ഇത് പിന്നീട് പാകിസ്താന് ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായും പോലീസ് പറയുന്നു.
ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ മെയ് 24ന് രണ്‍വീർ സിങിനെ 70 ഗ്രാം ഹെറോയിനുമായി പോലീസ് പിടികൂടിയിരുന്നു. കേസിന്റെ ഭാഗമായ ചോദ്യം ചെയ്യലിലാണ് രണ്‍വീര്‍സിങ് സൈനികനായ ഹര്‍പ്രീത് സിങിന്റെ കൈയ്യില്‍ നിന്നും രഹസ്യരേഖകള്‍ ലഭിച്ച കാര്യം തുറന്നുപറഞ്ഞത്. രണ്‍വീറും ഹര്‍പ്രീതും അടുത്ത സുഹൃത്തുക്കളും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരുമാണ്. ഹര്‍പ്രീത് പിന്നീട് ഗുർഭേജ് സിങിനെ കൂടി തന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുകയായിരുന്നു. സാമ്പത്തിക ലാഭം ഉദ്ദേശിച്ചാണ് ഇരുവരും ചാരപ്രവര്‍ത്തനം നടത്തിയതെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്.
കാര്‍ഗിലിലെ സൈനിക കേന്ദ്രത്തില്‍ ക്ലര്‍ക്കായ ഗുർഭേജ് സിങിന് സൈനിക തന്ത്രങ്ങളടങ്ങിയ രേഖകള്‍ എളുപ്പത്തില്‍ ലഭിച്ചിരുന്നു. ഇതാണ് രണ്വീര്സിങിന് കൈമാറിയിരുന്നത്. രണ്‍വീര്‍ ഇത് പിന്നീട് ഐ.എസ്.ഐ ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുകയായിരുന്നു. ഗോപി എന്നയാള്‍ വഴിയും ഇത്തരത്തില്‍ രേഖകള്‍ ഐ.എസ്.ഐയിലേക്ക് എത്തിച്ചതായി രണ്‍വീര്‍ സിങ് പറഞ്ഞിരുന്നതായും ഇയാളെ അറസ്റ്റ് ചെയ്തതായും പഞ്ചാബ് പോലീസ് പറഞ്ഞു.
2017ലാണ് ഹര്‍പ്രീത് സിങ് സൈന്യത്തില്‍ ചേരുന്നത്. ഗുര്‍ഭേജ് സിങ് 2015 മുതല്‍ സൈന്യത്തിലുണ്ട്.