ഉദയ്പൂർ കൊലയാളിക്ക് ബി.ജെ.പി വേദിയിൽ ആദരം; പുതിയ ചിത്രം പുറത്തുവിട്ട് കോൺഗ്രസ്
ഉദയ്പൂർ കൊലപാതകക്കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു
ന്യൂഡൽഹി: ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ ബി.ജെ.പി ബന്ധവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയിൽ ആദരിക്കുന്ന ചിത്രമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ട്വിറ്ററിൽ ചിത്രം പുറത്തുവിട്ട് ബി.ജെ.പിയെ കടന്നാക്രമിച്ചിരിക്കുന്നത്. ബിജെ.പിയുടെ ദേശസ്‌നേഹത്തിന്റെ യാഥാർത്ഥ്യം ഈ ചിത്രത്തിൽ വ്യക്തമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഭീകരവാദികളുമായുള്ള ബി.ജെ.പി സഖ്യം എല്ലാവർക്കും മുൻപിൽ പരസ്യമായിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഉദയ്പൂർ കൊലപാതക കേസിലെ ബി.ജെ.പിയുടെ ബന്ധമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
'മൂന്നു വർഷമായി ബി.ജെ.പി പ്രവർത്തകൻ'
ഉദയ്പൂർ കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം 'ഇന്ത്യാ ടുഡേ' അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. കൊലയാളികളിൽ ഒരാളായ റിയാസ് അത്താരി പാർട്ടിയുടെ വിശ്വസ്തർ മുഖേന നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ സൗദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച നേതാവായ ഇർഷാദ് ചെയിൻവാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളിൽ നേതാക്കൾക്കൊപ്പമുള്ള റിയാസിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൽ സജീവസാന്നിധ്യമാണ് ഇർഷാദ്. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇർഷാദ് സമ്മതിച്ചതായി 'ഇന്ത്യാ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാൻ പ്രതിപക്ഷ നേതാവും മുതിർന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയയുടെ അടക്കം പരിപാടികളെ സ്ഥിരംസാന്നിധ്യമാണ് റിയാസ്. കഠാരിയയ്‌ക്കൊപ്പമുള്ള റിയാസിൻറെ ചിത്രവും പ്രചരിക്കുന്നുണ്ട്. പാർട്ടിയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞ കാര്യവും ഇർഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ സംഭാഷണങ്ങളിൽ ബി.ജെ.പിയെ വിമർശിക്കാറുണ്ടെന്നും ഇർഷാദ് ചൂണ്ടിക്കാട്ടുന്നു.
Summary: Congress released photo of the accused in Udaipur murder case Riyaz Attari, has been welcomed in BJP function