ഷിന്‍ഡെ സര്‍ക്കാരിനെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയില്‍
ഉദ്ധവ് പക്ഷം സമർപ്പിച്ച ഹരജി ഈ മാസം 11ന് പരിഗണിക്കും
മുംബൈ: ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി. ഉദ്ധവ് പക്ഷം സമർപ്പിച്ച ഹരജി ഈ മാസം 11ന് പരിഗണിക്കും.
ഉദ്ധവ് പക്ഷത്തെ നേതാവായ സുഭാഷ് ദേശായി ആണ് പുതിയ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാൻ ഷിൻഡെയെ ക്ഷണിച്ച ഗവർണറുടെ നടപടിയും സ്പീക്കർ തെരഞ്ഞെടുപ്പും വിശ്വാസ വോട്ടെടുപ്പുമാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. സുഭാഷ് ദേശായിക്കായി മുതിർന്ന അഭിഭാഷകൻ ദേവദത്ത കമ്മത്ത് കോടതിയിൽ ഹാജരായി. കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്ക് ഒപ്പം ഇത് പുതിയ അപേക്ഷയായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ഇന്ദിര ബാനർജി ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച്, മറ്റ് ഹരജികൾക്കൊപ്പം ജൂലൈ 11ന് പുതിയ ഹരജിയിലും വാദം കേൾക്കാമെന്ന് അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇന്ന് ഡൽഹിയിൽ എത്തും.മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തുടർ ചർച്ചകൾക്ക് ആണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇന്ന് ഡൽഹിയിൽ എത്തുന്നത്. ബി.ജെ.പി ദേശീയ നേതൃത്വവുമായി നടത്തുന്ന ചർച്ചകളിൽ മന്ത്രി സ്ഥാനം സംബന്ധിച്ചും സീറ്റ് വിഭജനം സംബന്ധിച്ചും അന്തിമ ധാരണയിൽ എത്താനാണ് ഷിൻഡെയുടെ നീക്കം.