ഏക്‌നാഥ് ഷിൻഡെയെ ശിവസേന പുറത്താക്കി

ഉദ്ദവ് താക്കറെയാണ് ഷിൻഡെയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2022-07-02 03:23 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ശിവസേന പുറത്താക്കി. ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയാണ് ഷിൻഡെയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ശിവസേന പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ഭരണപ്രതിസന്ധി അവസാനിച്ചതോടെ ശിവസേനയിൽ പാർട്ടിയുമായി ബന്ധപ്പെട്ട അവകാശത്തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരുമെല്ലാം സ്വന്തമാക്കാനുള്ള അവകാശവാദവുമായി ഷിൻഡെയുടെ നേതൃത്വത്തിൽ വിമത ശിവസേനാ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. ചൊവ്വാഴ്ച ഷിൻഡെ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് സേനയുടെ നടപടി. മന്ത്രിമാരുടെ വകുപ്പ് വിഭജനം, സ്പീക്കർ തെരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടങ്ങളിലേക്ക് മന്ത്രിസഭ കടക്കാനിരിക്കെയാണ് ഉദ്ദവ് താക്കറെ പാർട്ടി അധ്യക്ഷന്റെ അധികാരം ഉപയോഗിച്ച് ഷിൻഡെയെ പുറത്താക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയനീക്കങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന വ്യാഴാഴ്ച രാത്രി തന്നെ ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. ഫഡ്നാവിസ് മുഖ്യമന്ത്രിയാവുമെന്നാണ് കരുതിയിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചായിരുന്നു പ്രഖ്യാപനം.

മന്ത്രിസഭയുടെ ഭാഗമായും താനുണ്ടാകില്ലെന്ന് വ്യാഴാഴ്ച വൈകീട്ട് ഷിൻഡെയ്‌ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് ബി.ജെ.പി ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

രണ്ടര വർഷം പിന്നിട്ട ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികൾ ചേർന്നുള്ള മഹാവികാസ് അഗാഡി സഖ്യസർക്കാരിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചാണ് രണ്ട് ആഴ്ച മുൻപ് ഒരു സംഘം എം.എൽ.എമാരുമായി ഷിൻഡെ ഗുജറാത്തിലെ സൂറത്തിലേക്ക് പറന്നത്. പിന്നാലെ, ഇവരെ തിരിച്ചെത്തിക്കാനും പ്രതിസന്ധി മറികടക്കാനും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെയും ഉദ്ദവ് താക്കറെയുടെയും നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങൾ നടന്നെങ്കിലും പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.

കൂടുതൽ എം.എൽ.എമാരെ ശിവസേന ക്യാംപിൽനിന്ന് അടർത്തിയെടുത്ത് ഷിൻഡെ അസമിലെ ഗുവാഹത്തിയിലേക്ക് പറന്നു. തുടർന്ന് വ്യാഴാഴ്ച വരെ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നായിരുന്നു ഷിൻഡെ വിമതവിപ്ലവത്തിന് നേതൃത്വം നൽകിയത്.

Summary: Shiv Sena president Uddhav Thackeray removed Eknath Shinde who revolted against him and succeeded him as the new Maharashtra Chief Minister from the post of Shiv Sena leader

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News