നിയമവിരുദ്ധ നിര്‍മാണം; സ്വന്തം ബംഗ്ലാവ് പൊളിച്ചുനീക്കി ഉദ്ദവ് താക്കറെയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ്

രത്‌നഗിരി ജില്ലയിലുള്ള മുരുഡില്‍ കടലിന് അഭിമുഖമായുള്ള ബംഗ്ലാവാണ് അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപണമുയര്‍ന്നത്

Update: 2021-08-23 09:28 GMT
Editor : Shaheer | By : Web Desk
Advertising

നിയമവിരുദ്ധമായി നിര്‍മിച്ചതായുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ബംഗ്ലാവ് പൊളിച്ചുനീക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ്. കടലിനോട് ചേര്‍ന്നുള്ള ബംഗ്ലാവാണ് താക്കറെയുടെ പേഴ്സനല്‍ സ്റ്റാഫിലെ പ്രമുഖനായ മിലിന്ദ് നാര്‍വേക്കര്‍ സ്വയം പൊളിച്ചുമാറ്റിയത്.

രത്‌നഗിരി ജില്ലയിലുള്ള മുരുഡില്‍ കടലിന് അഭിമുഖമായുള്ള ബംഗ്ലാവാണ് അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപണമുയര്‍ന്നത്. 2,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ബംഗ്ലാവ്. ബിജെപിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തീരദേശ നിര്‍മാണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ചതാണ് ബംഗ്ലാവെന്നാണ് പരാതിയുയര്‍ന്നത്.

കൂടുതല്‍ നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാണ് മിലിന്ദ് സ്വയം തന്നെ വസതി പൊളിച്ചതെന്നാണ് കരുതപ്പെടുന്നത്. പ്രദേശത്ത് മിലിന്ദും ശിവസേന മന്ത്രിയായ അനില്‍ പരബും അടക്കമുള്ള നേതാക്കള്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിറകെ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ബംഗ്ലാവ് പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോമയ്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. അടുത്തത് മന്ത്രിയുടെ ബംഗ്ലാവാണ് ലക്ഷ്യമെന്നും ട്വീറ്റില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News