രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുർമുവിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി എം.പിമാരെയും വലയിലാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന വാർത്തകൾ വരുന്നത്.
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ കണ്ട 16 എം.പിമാർ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിൽ പിന്തുണ നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കോൺഗ്രസ്-എൻസിപി സഖ്യം വിടണമെന്നായിരുന്നു ഏക്‌നാഥ് ഷിൻഡെ പക്ഷം മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഇതംഗീകരിക്കാൻ തയ്യാറാവാതെ ഉദ്ധവ് മുഖ്യമന്ത്രി പദവി രാജിവെക്കുകയായിരുന്നു.
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി എം.പിമാരെയും വലയിലാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന വാർത്തകൾ വരുന്നത്. മഹാരാഷ്ട്രയിൽ ജനസംഖ്യയുടെ 10 ശതമാനവും ഗോത്രവിഭാഗക്കാരാണ്. ഇവരുടെ പ്രതിനിധിയായ ദ്രൗപദി മുർമുവിനെ പിന്തുണക്കണമെന്ന് എം.പിമാർ ഉദ്ധവിനെ കണ്ട് ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ പിന്തുണക്കുമെന്നാണ് ശിവസേന നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്.