' ഞാന്‍ സഹോദരനെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ'; ജീവിക്കാൻ വഴിയില്ലാതെ പൊലീസിന് മുന്നിൽ കീഴടങ്ങി യുവാവ്... ഒടുവിൽ സത്യം പുറത്ത്
സഹോദരനെ മുഖത്ത് തലയണ കൊണ്ട് അമർത്തി കൊന്നെന്നായിരുന്നു കുറ്റസമ്മതം
കൊൽക്കത്ത: ജൂനിയർ മാൻഡ്രേക്ക് എന്ന മലയാള സിനിമയിൽ ജയിലിൽ കഴിയാൻ വേണ്ടി ജഗതി ശ്രീകുമാർ കാണിച്ചു കൂട്ടുന്ന സാഹസങ്ങൾ നമ്മെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് അതുപോലെ ജയിലിൽ കഴിയാൻ വേണ്ടി സ്വന്തം സഹോദരനെ കൊന്നെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ ഒരു യുവാവ്. തൊഴിലും വരുമാനമാർഗങ്ങളും നഷ്ടപ്പെട്ടതോടെയാണ് യുവാവ് വ്യാജ കൊലപാതകക്കേസിൽ കുറ്റ സമ്മതം നടത്തി പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
ദക്ഷിണ കൊൽക്കത്തയിലെ ബാൻസ്‌ദ്രോണിയിലെ നിരഞ്ജൻ പള്ളി പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നതെന്ന് ന്യൂ18 റിപ്പോർട്ട് ചെയ്യുന്നു. ശുഭാഷിസ് ചക്രവർത്തി എന്നയാളാണ് പൊലീസിന് മുന്നിൽ കൊലപാതകം നടത്തിയെന്നും ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടത്.
സഹോദരനായ ദേബാശിഷ് ചക്രവർത്തി (48)യെ മുഖത്ത് തലയണ കൊണ്ട് അമർത്തിയാണ് കൊന്നതെന്നും ഇയാൾ അവകാശപ്പെട്ടു. തുടർന്ന് മൃതദേഹം ഒളിപ്പിച്ച സ്ഥലത്തേക്ക് പൊലീസിനെ കൊണ്ടുപോകുകയും ചെയ്തു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ഇയാളുടെ കുറ്റസമ്മതം വ്യാജമായിരുന്നെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സഹോദരനെ കൊന്നതല്ലെന്നും സെറിബ്രൽ സ്ട്രോക്ക് മൂലമാണ് മരിച്ചതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.
ജാദവ്പൂരിലെ സെറാമിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ അമ്മയ്ക്കൊപ്പമാണ് ദേബാഷിസും ശുഭാഷും താമസിച്ചിരുന്നത്. ശുഭാഷിന് ജോലിയൊന്നുമുണ്ടായിരുന്നില്ല. അമ്മ വിരമിച്ച ശേഷം 35,000 രൂപ പെൻഷൻ ലഭിച്ചിരുന്നു. ദേബാഷിസും ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ ജോലിക്കിടെ കണ്ണിന് തകരാർ സംഭവിച്ചതിനാൽ ജോലി നഷ്ടമായി. ഇയാൾക്ക് മാസം 15,000 രൂപ പെൻഷൻ ലഭിച്ചിരുന്നു. 2017 മുതൽ വാടക ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മേയിൽ ഇവരുടെ അമ്മ മരിച്ചതിനെ തുടർന്ന് ഒരു ചെറിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ദേബാഷിസിന്റെ പെൻഷനായിരുന്നു പിന്നീടുള്ള ഏക വരുമാനം.
എന്നാൽ താൻ രോഗിയാണെന്നും അധികനാൾ ജീവിച്ചിരിക്കില്ലെന്നും പെൻഷൻ മുടങ്ങുമെന്നും ദേബാഷിസ് ദിവസങ്ങൾക്ക് മുമ്പ് തന്റെ അനുജനോട് പറഞ്ഞിരുന്നു. തന്റെ മരണശേഷം സഹോദരനായ ശുഭാഷിസ് പട്ടിണി കിടന്ന് മരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. മരിച്ചാൽ പൊലീസിനോട് കൊലപാതകത്തിന്റെ കഥ പറയാൻ ആവശ്യപ്പെട്ടതും സഹോദരനാണെന്നും ശുഭാഷിഷ് പൊലീസിനോട് പറഞ്ഞു.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാൽ സർക്കാർ ചെലവിൽ ജീവപര്യന്തം ജയിലിൽ കഴിയാനും ഭക്ഷണം കഴിക്കാനും കഴിയുമെന്നതിനാലാണ് ഈ സാഹസത്തിന് മുതിർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.