ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി പഠനങ്ങള്‍

സിഎംഐഇയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ കേരളത്തിലെ തൊഴില്ലായ്മ നിരക്ക് വർധിച്ചു

Update: 2022-04-04 08:37 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ സാധാരണനിലയിലേക്ക് മടങ്ങുന്നതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ)  പ്രതിമാസ ടൈംസീരിയസ് ഡാറ്റ. 2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു. മാർച്ചയായപ്പോൾ ഇത് 7.6 ശതമാനമായും ഏപ്രിൽ രണ്ടിന് 7.5 ശതമാനമായും കുറഞ്ഞു, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനവും ഗ്രാമങ്ങളിൽ 7.1 ശതമാനവുമാണെന്ന് കണക്കുകള്‍ പറയുന്നു.

സിഎംഐഇയുടെ കണക്കുകൾ പ്രകാരം, മാർച്ചിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലായിരുന്നു. 26.7 ശതമാനമായിരുന്നു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിലും ജമ്മു കശ്മീരിലും 25 ശതമാനം ബിഹാറിൽ 14.4 ശതമാനവും, ത്രിപുരയിൽ 14.1 ശതമാനവും, പശ്ചിമ ബംഗാളിൽ 5.6 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക് എന്ന് സിഎംഐഇ കണക്കുകൾ പറയുന്നു.

എന്നാൽ ഈ വർഷം ജനുവരിയെയും ഫെബ്രുവരിയെയും അപേക്ഷിച്ച് മാർച്ചായപ്പോഴേക്കും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലും 5 ശതമായിരുന്നു കേരളത്തിലെ തൊഴില്ലായ്മ നിരക്കെങ്കിൽ മാർച്ചിൽ ഇത് 6.7 ശതമാനമായി വർധിച്ചു. 2021 ഏപ്രിലിൽ, മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.97 ശതമാനവും കഴിഞ്ഞ വർഷം മേയിൽ 11.84 ശതമാനവുമായി ഉയർന്നു.കർണാടകയിലും ഗുജറാത്തിലും 2022 മാർച്ചിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയത്. 1.8. ശതമാനം വീതമാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.

അതേ സമയം മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറയുന്നുണ്ടെങ്കിലും, ഇന്ത്യ പോലുള്ള ഒരു 'ദരിദ്ര' രാജ്യത്തിന് ഇത് ഇപ്പോഴും ഉയർന്നതാണെന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് വിരമിച്ച പ്രൊഫസർ അഭിരൂപ് സർക്കാർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരി ആഞ്ഞടിച്ച കഴിഞ്ഞ രണ്ടുവർഷത്തിന് ശേഷം സമ്പദ് വ്യവസ്ഥ വീണ്ടും പഴയരീതിയിലേക്ക് വരുന്നതായാണ് ഈ അനുപാതത്തിലെ കുറവ് കാണിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആളുകൾക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, തൊഴിലില്ലാതെ തുടരാൻ കഴിയില്ല, അതിനായി അവർ തങ്ങളുടെ വഴിയിൽ വരുന്ന ഏത് ജോലിയും ഏറ്റെടുക്കാൻ നിർബന്ധിതരാകുകയാണെന്നും അഭിരൂപ് സർക്കാർ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News