'ഇപ്പോള്‍ മാസം നാല് ലക്ഷം രൂപ യൂട്യൂബ് തരുന്നുണ്ട്'; കോവിഡ് കാലത്തെ അനുഭവങ്ങള്‍ പറഞ്ഞ് നിതിന്‍ ഗഡ്കരി
വിവാഹം കഴിഞ്ഞ് അധികം ആവുന്നതിനു മുമ്പു തന്നെ ഭാര്യാപിതാവിന്റെ വീട് റോഡിനായി വിട്ടുകൊടുക്കാന്‍ താന്‍ തീരുമാനമെടുത്തെന്ന് അദ്ദേഹം പറഞ്ഞു
കോവിഡ് കാലം നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. അടച്ചുപൂട്ടലിന്‍റെ ഈ കാലഘട്ടം താന്‍ എങ്ങനെ വിനിയോഗിച്ചു എന്ന് തുറന്നുപറയുകയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. താന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും അതില്‍ നിന്നും എല്ലാ മാസവും വരുമാനം ലഭിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഹരിയാനയിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ കോവിഡ് കാലത്ത് രണ്ട് കാര്യങ്ങളാണ് ഞാന്‍ പുതിയതായി ആരംഭിച്ചത്. ഒന്ന് പാചകം, രണ്ട് ഓണ്‍ലൈന്‍ ലെക്ചറുകള്‍. അതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരുപാട് കാഴ്ചക്കാരാണ് അതിനെല്ലാമുള്ളത്. അതുകൊണ്ടുതന്നെ എല്ലാ മാസവും യൂട്യൂബില്‍ നിന്ന് നാല് ലക്ഷം വരുമാനം എനിക്ക് ലഭിക്കുന്നുണ്ട്. ഗഡ്കരി പറഞ്ഞു.
റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം അനുഭവവും ഗഡ്കരി വിവരിച്ചു. വിവാഹം കഴിഞ്ഞ് അധികം ആവുന്നതിനു മുമ്പു തന്നെ ഭാര്യാപിതാവിന്റെ വീട് റോഡിനായി വിട്ടുകൊടുക്കാന്‍ താന്‍ തീരുമാനമെടുത്തെന്ന് ഗഡ്കരി പറഞ്ഞു. ഭാര്യയോടു പോലും ആലോചിക്കാതെയായിരുന്നു ഇതെന്നും മന്ത്രി വിശദീകരിച്ചു.