വാരാണസിയിൽ മോദിയെ തറപറ്റിക്കാന്‍ പ്രിയങ്ക എത്തുമോ? ആവശ്യവുമായി യു.പി ഘടകം

കഴിഞ്ഞ രണ്ടു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണ് വാരാണസി

Update: 2023-08-27 12:26 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്. പുതുതായി സ്ഥാനമേറ്റ യു.പി പി.സി.സി അധ്യക്ഷൻ അജയ് റായ് ആണ് ഇതേക്കുറിച്ചുള്ള സൂചന നൽകിയത്. വാരാണസിയിൽ മോദിയെ നേരിടാൻ പ്രിയങ്കയെ തന്നെ ഇറക്കണമെന്ന് ആവശ്യവുമായി നേതൃത്വത്തെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

''ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ പ്രിയങ്ക മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി പാർട്ടി നേതൃത്വത്തിനുമുന്‍പാകെ നിർദേശം വയ്ക്കും. പ്രിയങ്കയ്ക്ക് അവർ ആഗ്രഹിക്കുന്ന എവിടെയും മത്സരിക്കാം. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്യും. എന്നാൽ, അവർ വാരാണസിയിൽ മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം''-അജയ് റായ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. മോദിക്കെതിരെ ശക്തരായ ആളുകളുണ്ടെന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടു തവണയും അജയ് റായിയായിരുന്നു മോദിക്കെതിരെ മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. 2014ൽ 75,614 വോട്ടു മാത്രം നേടി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. രണ്ടു ലക്ഷത്തിലേറെ വോട്ട് നേടി എ.എ.പി തലവൻ അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്ത്. 2019ൽ വോട്ട് കൂടുതൽ സമാഹരിക്കാനായെങ്കിലും(1,52,548 വോട്ട്) നില മെച്ചപ്പെടുത്താനായില്ല. എസ്.പിയുടെ ശാലിനി യാദവിനു പിന്നിൽ വീണ്ടും മൂന്നാം സ്ഥാനത്തായിരുന്നു സ്ഥാനം. 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ മോദിയുടെ വിജയം. 2009ൽ എസ്.പി നേതാവായിരിക്കെ മുരളി മനോഹർ ജോഷിയോടും വാരാണസിയില്‍ പരാജയപ്പെട്ടിരുന്നു അജയ് റായ്.

1991 മുതൽ ബി.ജെ.പിയുടെ ശക്തിദുർഗമാണ് വാരാണസി. ഇതിനുശേഷം 2004ൽ മാത്രമാണ് കോൺഗ്രസിന് ഇവിടെ ജയിക്കാനായത്. കോൺഗ്രസ് നേതാവ് രാജേഷ് കുമാറാണ് ബി.ജെ.പിയുടെ സിറ്റിങ് എം.പിയായിരുന്ന ശങ്കർ പ്രസാദ് ജയ്‌സ്വാളിനെ അന്ന് അട്ടിമറിച്ചത്. അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാജേഷിന്റെ വിജയം. 2009ൽ മുരളി മനോഹർ ജോഷിയിലൂടെ മണ്ഡലം ബി.ജെ.പി തിരിച്ചുപിടിച്ചു. ബി.എസ്.പി, എസ്.പി സ്ഥാനാർത്ഥികൾക്കു പിറകിൽ നാലാം സ്ഥാനത്തേക്ക് രാജേഷ് പിന്തള്ളപ്പെടുകയും ചെയ്തു.

Summary: UP Congress keen to field Priyanka Gandhi from Varanasi: PCC president Ajay Rai

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News