യു.പിയില്‍ എസ്.പി 400 സീറ്റുകൾ വരെ നേടും, ബിജെപിക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ലെന്ന് അഖിലേഷ് യാദവ്

എസ്.പി 350 സീറ്റില്‍ വിജയിക്കുമെന്നാണ് താന്‍ പറഞ്ഞിരുന്നത്. ജനരോഷം കാണുമ്പോള്‍ തോന്നുന്നത് 400 സീറ്റില്‍ വിജയിക്കുമെന്നാണെന്ന് അഖിലേഷ് യാദവ്

Update: 2021-08-05 10:33 GMT
Advertising

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടി 400 സീറ്റ് വരെ നേടുമെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇന്ധന വിലവര്‍ധനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരായ സൈക്കിള്‍ യാത്രയ്ക്ക് മുന്നോടിയായാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.

"എസ്.പി 350 സീറ്റില്‍ വിജയിക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പക്ഷേ ജനരോഷം കാണുമ്പോള്‍ തോന്നുന്നത് ഞങ്ങള്‍ 400 സീറ്റില്‍ വിജയിക്കുമെന്നാണ്"- കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിച്ചില്ല. ഓക്സിജനും മരുന്നും എത്തിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർഥികളില്ലാത്ത സാഹചര്യമാണുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സ്ഥാനാർഥികൾ ബിജെപിക്കായി മത്സരിക്കാന്‍ തയ്യാറാവില്ല. തെരഞ്ഞെടുപ്പ് അടുക്കവേ ബിജെപി ഗുണ്ടകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയാണ്. 2017ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ബിജെപി വായിച്ചിട്ടില്ലെന്നും പകരം 'മണി ഫെസ്റ്റോ'യിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ്, കസ്റ്റഡി മരണങ്ങൾ, ഗംഗാ നദിയിലേക്ക് മൃതദേഹം വലിച്ചെറിയല്‍ എന്നിവയുടെ കാര്യത്തില്‍ യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ഒന്നാമതെത്തിച്ചെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

75 ജില്ലകളിലൂടെയും കടന്നുപോകുന്ന 'രഥയാത്ര' നടത്താൻ സമാജ്‌വാദി പാർട്ടി പദ്ധതിയിടുന്നുണ്ട്. 403 നിയമസഭാ മണ്ഡലങ്ങളിൽ 300ലധികം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ യോഗം എസ്പി ഇതിനകം പൂര്‍ത്തിയാക്കി. ബ്രാഹ്മണരുടെ വിശ്വാസം വീണ്ടെടുക്കാന്‍ 'പ്രബുദ്ധ സമ്മേളനം' നടത്താനും എസ്.പി പദ്ധതിയിടുന്നുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News