യു.പി വഴി ഡൽഹിയിലേക്ക്...ഹിന്ദി ഹൃദയഭൂമിയിൽ ആര്?
80 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ കൂടുതൽ സീറ്റ് നേടുന്ന പാർട്ടിക്ക് മാന്ത്രികസംഖ്യയായ 272ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും.
ലഖ്‌നോ: ഉത്തർപ്രദേശ് പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ സ്ഥിരം സമവാക്യമാണ്. 80 പാർലമെന്റ് മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ കൂടുതൽ സീറ്റ് നേടുന്ന പാർട്ടിക്ക് ഭരണം പിടിക്കാൻ ആവശ്യമായ മാന്ത്രികസംഖ്യയായ 272ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും. എൻ.ഡി.എ കഴിഞ്ഞ വർഷങ്ങളിലെ വിജയം യു.പിയിൽ ആവർത്തിക്കുമോ അതോ രാഹുലും അഖിലേഷും നയിക്കുന്ന ഇൻഡ്യാ സഖ്യം പുതിചരിത്രം രചിക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
2019ൽ 62 സീറ്റ് നേടി ആധികാരിക വിജയമാണ് ബി.ജെ.പി നേടിയത്. എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യത്തിന് അന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കോൺഗ്രസിനാവട്ടെ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബം കയ്യിൽവെക്കുന്ന അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. റായ്ബറേലിയിൽ സോണിയാ ഗാന്ധി മാത്രമാണ് വിജയിച്ച ഏക കോൺഗ്രസ് സ്ഥാനാർഥി.
ഇത്തവണയും എൻ.ഡി.എ സഖ്യം വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 71 സീറ്റ് വരെ എൻ.ഡി.എ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകൾ പറയുന്നത്. ഇൻഡ്യാ സഖ്യത്തിന് 12-13 സീറ്റുകളാണ് പരമാവധി പ്രവചനം. എന്നാൽ ഇൻഡ്യാ സഖ്യം വൻ മുന്നേറ്റം നടത്തുമെന്ന ഉറച്ച പ്രതീക്ഷയാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കുവെക്കുന്നത്.