ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു; ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി വനിതാ ജഡ്ജി, മരിക്കാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണ് എനിക്ക് തോന്നുന്നത്

Update: 2023-12-15 06:45 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഡല്‍ഹി: ജില്ലാ ജഡ്ജിയില്‍ നിന്നും ലൈംഗിക പീഡനം നേരിട്ടെന്ന ഉത്തര്‍പ്രദേശിലെ വനിതാ ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സംഭവത്തില്‍ ജസ്റ്റിസിന് വനിതാ ജഡ്ജി കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അലഹാബാദ് ഹൈക്കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. ഉടന്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട കത്തിൽ മാന്യമായ രീതിയിൽ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന അപേക്ഷയും ഉൾപ്പെടുന്നു.

"ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു, എന്നെ തീർത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തത്.ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണ് എനിക്ക് തോന്നുന്നത്'' ബന്ദയില്‍ നിന്നുള്ള വനിതാ ജഡ്ജ് പറയുന്നു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിർദേശത്തെ തുടർന്ന് സുപ്രിം കോടതി സെക്രട്ടറി ജനറൽ അതുൽ എം കുർഹേക്കർ അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്ത് നൽകി. വനിതാ ജഡ്ജി നൽകിയ എല്ലാ പരാതികളുടേയും സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണത്തെ വനിതാ ജഡ്ജ് 'പ്രഹസനവും തട്ടിപ്പും' എന്നാണ് വിശേഷിപ്പിച്ചത്. അന്വേഷണത്തിലെ സാക്ഷികൾ ആരോപണവിധേയനായ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ അന്വേഷണത്തിനിടെ ജഡ്ജിയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും എട്ടു സെക്കന്‍ഡിനുള്ളില്‍ സുപ്രിം കോടതി തന്‍റെ ആവശ്യം തള്ളിക്കളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

"എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല.കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവിക്കുന്ന ഒരു ശവമായി ഞാന്‍ മാറി. നിര്‍ജീവമായ ഈ ശരീരം ചുമക്കുന്നതില്‍ ഇനി ഒരര്‍ഥവുമില്ല. ഇനി എന്‍റെ ജീവിതത്തിന് ഒരു ലക്ഷ്യവുമില്ല'' വനിതാ ജഡ്ജിയുടെ കത്തില്‍ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News