'ബി.ജെ.പിക്ക് എട്ട് വോട്ട്': യുവാവ് അറസ്റ്റില്‍; റീപോളിങ് പ്രഖ്യാപിച്ച് കമ്മിഷൻ
ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ മുകേഷ് രജ്പുത്തിനാണ് യുവാവ് എട്ടു തവണയും വോട്ട് രേഖപ്പെടുത്തിയത്
ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവാവ് ബി.ജെ.പിക്ക് എട്ട് വോട്ട് ചെയ്ത സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിന്റെ വിഡിയോ വൈറലായതിനു പിന്നാലെ ഇറ്റാ ജില്ലയിലെ ഖിരിയ പാമരൻ സ്വദേശിയായ രാജൻ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വൻ വിമർശനവുമായി രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവം നടന്ന പോളിങ് ബൂത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ട് ചെയ്തതിന്റെ സെൽഫി വിഡിയോ ദൃശ്യങ്ങൾ യുവാവ് തന്നെയാണു പുറത്തുവിട്ടത്. ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ മുകേഷ് രജ്പുത്തിനാണ് ഇയാൾ എട്ടു തവണയും വോട്ട് രേഖപ്പെടുത്തിയത്.
വിഡിയോ സോഷ്യൽ മീഡിയിയൽ പ്രചരിച്ചതോടെയാണ് ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ വ്യാപകമായ വിമർശനം ഉയർന്നത്. എസ്.പി, കോൺഗ്രസ് നേതാക്കളെല്ലാം വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കമ്മിഷനോട് നടപടി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ കേസെടുത്തതായി യു.പി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. ഇപ്പോൾ യുവാവിനെ അറസ്റ്റ് ചെയ്തതായുള്ള വാർത്തയും പുറത്തുവന്നിരിക്കുകയാണ്.
പോളിങ് ബൂത്തുകളിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടതായി യു.പിയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവദീപ് റിൻവ അറിയിച്ചു. ബന്ധപ്പെട്ട പോളിങ് സ്‌റ്റേഷനിൽ റീപോളിങ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഘട്ടങ്ങളിൽ മുഴുവൻ വോട്ടർമാരെയും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് എല്ലാവർക്കും നിർദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് നവദീപ് റിൻവ അറിയിച്ചു.
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എസ്.പി തലവനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിവാദ വിഡിയോ എക്സിൽ പങ്കുവച്ച അഖിലേഷ് യുവാവ് ചെയ്തതു തെറ്റാണെന്നു തോന്നുന്നെങ്കിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പി ബൂത്ത് കമ്മിറ്റി ശരിക്കും ലൂട്ട് കമ്മിറ്റി(കൊള്ളസംഘം) ആണെന്ന് അഖിലേഷ് വിമർശിച്ചു. രാഹുൽ ഗാന്ധിയും വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളിൽ സമ്മർദം ചെലുത്തി ജനവിധി അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് രാഹുൽ ആരോപിച്ചു.
Summary: UP man arrested after video of him voting for BJP candidate 8 times goes viral, re-polling announced