പാക് ചാരസംഘടനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറി; കർണാടകയിൽ യുപി സ്വദേശിയായ എഞ്ചിനീയർ അറസ്റ്റിൽ
റഡാർ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.


ബെംഗളൂരു: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എഞ്ചിനീയർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎൽ സീനിയർ എഞ്ചിനീയർ ദീപ്‌രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്. റഡാർ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.
പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയ ചന്ദ്രയെ സംസ്ഥാന രഹസ്യാന്വേഷണ, സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വലയിലാക്കിയതെന്നും ഏറ്റവും രഹസ്യമായ വിവരങ്ങളാണ് ഇയാൾ പാകിസ്താന് പങ്കുവച്ചതെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരുവിൽ നിർമിക്കുന്ന ഉത്പ്പന്നങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇയാൾ കൈമാറി.
'രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെട്ട പ്രതിക്കെതിരെ സൈനിക ഇന്റലിജൻസ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതൊരു ഭയാനകമായ വിഷയമാണ്. രാജ്യം നിർമിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങളും തീരുമാനങ്ങളും ഇയാൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നു'- പരമേശ്വര പറഞ്ഞു.
ബിഇഎല്‍ ഗവേഷണ സംഘത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്. ഓഫീസ് ലേഔട്ടുകളും മുതിർന്ന ഉദ്യോഗസ്ഥരുമായും പ്രൊഡക്ഷൻ സിസ്റ്റവുമായും ബന്ധപ്പെട്ട നിർണായക വിവരങ്ങളും ഇയാൾ കൈമാറിയതിൽ ഉൾപ്പെടുന്നു. കൂടാതെ, ആശയവിനിമയ, റഡാർ സംവിധാനങ്ങൾ, ഓപ്പറേറ്റിങ് ഫ്രേംവർക്കുകൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയും കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പാകിസ്താനിലെ സ്വീകർത്താവിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇ-മെയിൽ, വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചാണ് പ്രതി ചാര ഏജന്റുമായി ബന്ധം സ്ഥാപിച്ചത്. നേരിട്ട് സന്ദേശങ്ങൾ അയയ്ക്കുന്നതിനുപകരം രഹസ്യ വിവരങ്ങൾ തയാറാക്കിയ ശേഷം ഒരു പ്രത്യേക ഇ-മെയിൽ ഐഡി സൃഷ്ടിക്കുകയും ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിടുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഉദ്യോഗസ്ഥർ തിരയുന്നുണ്ട്. ചോർച്ചയുടെ പൂർണ വ്യാപ്തി നിർണയിക്കാൻ ഡിജിറ്റൽ ഇടപാടുകളും ആശയവിനിമയങ്ങളും ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിൽ മറ്റ് മൂന്ന് യുപി സ്വദേശികളും സമാന കേസിൽ അറസ്റ്റിലായിരുന്നു. കാൺപൂരിലെ കേന്ദ്ര ആയുധ ഫാക്ടറിയിലെ ജൂനിയർ വർക്സ് മാനേജർ കുമാർ വികാസ്, ഫിറോസാബാദിലെ ഹസ്രത്പൂരിലെ ആയുധ ഫാക്ടറി ഉദ്യോഗസ്ഥൻ രവീന്ദ്രകുമാർ, ആഗ്ര സ്വദേശിയായ ഇയാളുടെ സഹായി എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്)ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
പണത്തോടുള്ള അത്യാർത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം കുമാർ വികാസ് ഐഎസ്‌ഐക്ക് കൈമാറുകയായിരുന്നു. നേഹ ശർമയെന്ന പേരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്താൻ ഏജന്റായ യുവതിക്കാണ് രവീന്ദ്രകുമാറും കുമാർ വികാസും രഹസ്യ സൈനിക വിവരങ്ങൾ കൈമാറിയത്.
കാൺപൂർ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാർ വികാസ്. നിലവിൽ കാൺപൂർ നഗറിലെ ബിതൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി 131 ന്യൂ ഹൈവാസിറ്റിയിലാണ് താമസം. ഈ ജനുവരിയിൽ ഫേസ്ബുക്ക് വഴിയാണ് കുമാർ വികാസ് നേഹ ശർമയുമായി ബന്ധപ്പെട്ടത്. ലൂഡോ ആപ്പ് വഴിയായിരുന്നു ഇവരുടെ ആശയവിനിമയവും വിവരകൈമാറ്റവും. അത്യാഗ്രഹിയായ കുമാര്‍ ഓർഡനൻസ് ഫാക്ടറിയുടെ സെൻസിറ്റീവ് രേഖകൾ, ഉപകരണ വിശദാംശങ്ങൾ, വെടിമരുന്ന് നിർമാണ ഡാറ്റ, ജീവനക്കാരുടെ ഹാജർ ഷീറ്റുകൾ, മെഷീൻ ലേഔട്ടുകൾ, ഉത്പാദനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ എന്നിവ നേഹ ശർമയ്ക്ക് നൽകിയതായി എടിഎസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കമാണ് രവീന്ദ്രകുമാർ കൈമാറിയത്. പാകിസ്താനിലെ ഐഎസ്‌ഐ ഏജന്റുമാരുമായി ഇയാൾ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. കേന്ദ്രസർക്കാരിന് കീഴിലുള്ള ഒരു പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് കാൺപൂരിലെയും ഫിറോസാബാദിലെ ഹസ്രത്പൂരിലേയും ആയുധ ഫാക്ടറികൾ.