നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യം; ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ കേസെടുത്തു

മഹാത്മാ ഗാന്ധിയുടെ കോലമുണ്ടാക്കി തോക്ക് ഉപയോഗിച്ച് നിറയൊഴിച്ച് പൂജ ശകുൻ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു

Update: 2022-06-08 11:20 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ഹിന്ദുത്വ നേതാവ് പൂജ ശകുൻ പാണ്ഡെയ്‌ക്കെതിരെ കേസ്. ഉത്തർപ്രദേശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഖിൽ ഭാരത് ഹിന്ദു മഹാസഭ(എ.ബി.എച്ച്.എം) ദേശീയ ജനറൽ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ നേരത്തെ മഹാത്മാ ഗാന്ധിയുടെ കോലത്തിനുനേരെ വെടിവച്ച് വാർത്തകളിൽ നിറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് നമസ്‌കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂജ ശകുൻ അലിഗഢിലെ ഭരണകൂടത്തിന് പരാതി നൽകിയത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് ജനങ്ങൾ ഒരുമിച്ചുകൂടുതന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രക്തംകൊണ്ടെഴുതിയ കത്ത് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയർന്നതോടെയാണ് ഗാന്ധി പാർക്ക് പൊലീസ് കേസെടുത്തത്. അലിഗഢ് അഡീഷനൽ സിറ്റി മജിസ്‌ട്രേറ്റ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ, 153ബി, 295എ, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അലിഗഢ് പൊലീസ് സൂപ്രണ്ട് കലാനിധി നൈഥാനി അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരിയാണെന്നു കണ്ടെത്തിയാൽ മറ്റു നടപടികൾ കൈക്കൊള്ളുമെന്നും എസ്.പി അറിയിച്ചു.

അതേസമയം, താൻ പ്രകോപനപരമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് പൂജ ശകുൻ പ്രതികരിച്ചു. സത്യം പറഞ്ഞത് ഏതെങ്കിലും മതക്കാരുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഖേദമറിയിക്കുന്നുവെന്നും പൂജ നോട്ടീസിനു മറുപടിയായി പറഞ്ഞു. കാൺപൂരിൽ കണ്ട പോലെ ഇത്തരത്തിലുള്ള ആൾക്കൂട്ടം പലപ്പോഴും മറ്റു സമുദായക്കാർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടാറുണ്ടെന്നും എ.ബി.എച്ച്.എം നേതാവ് ആരോപിച്ചു.

ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിലാണ് ഹിന്ദുമഹാസഭ ഓഫിസിൽ നടന്ന പരിപാടിയിൽ ഗാന്ധിജിയുടെ കോലമുണ്ടാക്കി കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിച്ചത്. ശേഷം കോലം കത്തിക്കുകയും ചെയ്തു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹാത്മാവെന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് പൂജ ശകുൻ പാണ്ഡെയെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Summary: Uttar Pradesh police files case against right-wing activist Pooja Shakun Pandey for seeking ban on namaz

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News