ഹാഥ്റസ് ദുരന്തം: ആൾദൈവം ഭോലെ ബാബ എവിടെ? അന്വേഷണം ഊർജിതമാക്കി പൊലീസ്
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാഥ്റസിലേക്കു പുറപ്പെട്ടിട്ടുണ്ട്
ലഖ്‌നൗ: ഹാഥ്റസ് ദുരന്തത്തില്‍ ആൾദൈവം ഭോലെ ബാബയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. എഫ്.ഐ.ആറില്‍ ഭോലെ ബാബയുടെ പേര് ചേർക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാഥ്റസിലേക്കു പുറപ്പെട്ടിട്ടുണ്ട്.
അപകടത്തിനു പിന്നാലെയാണ് ഭോലെ ബാബ ഒളിവിൽ പോകുന്നത്. അംഗരക്ഷകരുടെ അകമ്പടിയോടെ വാഹനവ്യൂഹം നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉത്തർപ്രദേശിനു പുറമേ രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് വിശ്വാസികളാണ് സൂരജ് പാൽ എന്ന ഭോലെ ബാബയ്ക്കുള്ളത്. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യംവിട്ടു പോകാനുള്ള സാധ്യതകളും പൊലീസ് മുന്നിൽകാണുന്നു. അതിനിടെ നേപ്പാളിൽ ഭോലെ ബാബ എത്തിയെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആത്മീയാചാര്യനെതിരെ കേസുനടപടികൾ ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. പരിപാടിയുടെ മുഖ്യസംഘാടകൻ ദേവപ്രകാശിനെ കുറിച്ചു വിവരം നൽകുന്നവർക്ക് യു.പി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭോലേ ബാബയുടെ രാഷ്ട്രീയ സ്വാധീനമാണ് എഫ്.ഐ.ആറിൽ ലഘുവായ വകുപ്പുകൾ ചുമത്താൻ കാരണമെന്ന വിമർശനവും ശക്തമാണ്.
സംഭവത്തില്‍ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും യോഗി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. രാഹുൽ ഗാന്ധിക്കു പുറമെ അഖിലേഷ് യാദവും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഇന്നു സന്ദർശിക്കുന്നുണ്ട്.
Summary: UP Police intensifies the search for Bhole Baba, the Godman, in Hathras stampede