വിദ്യാര്‍ഥിയുടെ ബുക്കില്‍ 95 തെറ്റുകള്‍; സ്കൂളിലിരുന്ന് മൊബൈൽ ഗെയിം കളിച്ച അധ്യാപകന് സസ്​പെൻഷൻ

കുട്ടിയുടെ നോട്ട് ബുക്കിലെ ആദ്യ പേജില്‍ തന്നെ ഒമ്പത് തെറ്റുകളാണ് ഒറ്റനോട്ടത്തില്‍ കണ്ടെത്തിയത്

Update: 2024-07-11 10:09 GMT
Advertising

സംഭാല്‍: ഉത്തര്‍പ്രദേശില്‍ ക്ലാസില്‍ പോകാതെ സ്റ്റാഫ് റൂമിലിരുന്ന് മൊബൈലിൽ കാന്‍ഡി ക്രഷ് ഗെയിം കളിച്ച അധ്യാപകന് ജോലി നഷ്ടമായി. യു.പിയിലെ സംഭാലിലാണ് സംഭവം. ജില്ലാ കലക്ടര്‍ സ്കൂളിൽ പരിശോധനക്കെത്തിയതിന് പിന്നാലെയാണ് മൊബൈല്‍ ഗെയിമില്‍ മുഴുകിയിരുന്ന അസിസ്റ്റന്റ് ടീച്ചര്‍ പ്രിയം ഗോയലിന്റെ പണിതെറിച്ചത്.

ക്ലാസ് മുറികളില്‍ കയറി കുട്ടികളുടെ ബുക്കുകള്‍ പരിശോധിച്ച ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ രാജേന്ദ്ര പന്‍സിയ ഞെട്ടിപ്പോയി. കുട്ടിയുടെ നോട്ട് ബുക്കിലെ ആദ്യ പേജില്‍ തന്നെ ഒമ്പത് തെറ്റുകളാണ് ഒറ്റനോട്ടത്തില്‍ കണ്ടെത്തിയത്. അവയിൽ ഒന്ന് പോലും തിരുത്തിയിട്ടില്ല. ഇത്തരത്തില്‍ പരിശോധിച്ച ആറ് കുട്ടികളുടെ ബുക്കുകളിലും തെറ്റുകള്‍ കണ്ടെത്തി. ഒമ്പത് പേജുകളിലായി 95 തെറ്റുകളാണ് ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെത്തിയത്.

പിന്നീട് അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തെറ്റുകള്‍ക്ക് പിന്നിലെ കാരണം വ്യക്തമായത്. അധ്യാപകന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് കാന്‍ഡി ക്രഷ് എന്ന ഗെയിം കളിക്കാനാണ്. ക്ലാസ് തുടങ്ങിയ ശേഷം രണ്ട് മണിക്കൂറോളം അധ്യാപകന്‍ ഗെയിം കളിച്ചതായി കണ്ടെത്തി. ഇതിനുപുറമെ അരമണിക്കൂറോളം ഫോണില്‍ സംസാരിക്കാനും ചെലവഴിച്ചുവെന്നും വ്യക്തമായി.

'അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് വര്‍ക്കുകളും ഗൃഹപാഠങ്ങളും പരിശോധിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു പ്രശ്‌നമല്ല, എന്നാല്‍ സ്‌കൂള്‍ സമയങ്ങളില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അതുപയോഗിക്കുന്നത് ശരിയല്ല' ജില്ലാ മജിസ്ട്രേറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആറ് വിദ്യാര്‍ത്ഥികളുടെ ബുക്കുകളിലെ ഒമ്പത് പേജുകളില്‍ 95 തെറ്റുകള്‍ കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം ജില്ലാ മജിസ്ട്രേറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News