'എന്താകും സാധാരണക്കാരന്റെ അവസ്ഥ? ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിൽ തരിച്ച് മഹാരാഷ്ട്ര, സർക്കാറിനെതിരെ പ്രതിപക്ഷം

മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ച തുറന്നുകാട്ടുന്നതാണ് ബാബാ സിദ്ദീഖിയുടെ കൊലപാതകമെന്ന് രാഹുല്‍ ഗാന്ധി

Update: 2024-10-13 05:50 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകം സംസ്ഥാനത്ത് വൻ ചർച്ചയാകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലതകർന്നെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ കക്ഷികൾ രംഗത്ത് എത്തി.

മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ച തുറന്നുകാട്ടുന്നതാണ് ബാബാ സിദ്ദീഖിയുടെ കൊലപാതകമെന്നും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എക്‌സിലെഴുതിയ കുറിപ്പിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. എൻസിപി നേതാവ് ശരത് പവാറും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. വളരെ ലാഘവത്തോടെയാണ് സംസ്ഥാന സർക്കാര്‍, വിഷയം കൈകാര്യം ചെയ്യുന്നതെങ്കിൽ സാധാരണക്കാർക്കുള്ള മുന്നറിയിപ്പാണിതെന്നും അവരുടെ അവസ്ഥ എന്താകുമെന്നും ശരത് പവാർ ചോദിച്ചു. 

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിവസേന നേതാവ് ഉദ്ധവ് വിഭാഗം നേതാക്കള്‍ എന്നിവരൊക്കെ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തുകയും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് കൊലപാതകം നടക്കുന്നത്. ദസറ ആഘോഷവുമായി ബന്ധപ്പെട്ടും മറ്റും പൊലീസ് അതീവ ജാഗ്രത പുലർത്തുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് ബാബാ സിദ്ദീഖിക്ക് നേരെ വെടിയുതിർക്കുന്നത്. കൃത്യത്തിന് പിന്നിൽ മൂന്ന് പേരുണ്ടെന്നാണ് വിവരം. തന്റെ മകന്റെ എംഎൽഎ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോഴാണ് അക്രമികൾ വെടിയുതിർക്കുന്നത്. ആറ്- ഏഴ് റൗണ്ട് വെടിയുതിർത്തതായാണ് വിവരം. സിദ്ദീഖിയുടെ നെഞ്ചിലും അടിവയറ്റിലുമാണ് വെടിയുണ്ടകൾ പതിച്ചത്.

അതേസമയം വൈ ലെവൽ സുരക്ഷ നൽകിയിട്ടും ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത് നിർഭാഗ്യകരമാണെന്നായിരുന്നു കോൺഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാറിന്റെ പ്രതികരണം. മുംബൈയിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്, എന്നിട്ടും  ഗൗരവമായി എടുത്തില്ല, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1999 മുതൽ 2014 വരെ ബാന്ദ്ര വെസ്റ്റിനെ പ്രതിനിധീകരിച്ച് എംഎൽഎയായ സിദ്ദീഖി, 2004 മുതൽ 2008 വരെ കോൺഗ്രസ്-എൻസിപി സർക്കാരിലാണ് മന്ത്രിയായത്. കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം, അഞ്ച് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിനൊടുവിലാണ് ഈ ബന്ധം ഉപേക്ഷിക്കുന്നത്. ശേഷം ഈ വർഷം ആദ്യമാണ് അദ്ദേഹം കോൺഗ്രസിൽ നിന്ന് മാറി അജിത് പവാറിന്റെ എൻസിപിയിലേക്ക് എത്തുന്നത്.

അതേസമയം ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് കൊല്ലപ്പെട്ടത് ഭരണപക്ഷമായ മഹായുതിയിലും ചര്‍ച്ചയാകും. എത്രയും വേഗം എല്ലാപ്രതികളെയും പിടികൂടി കൊലപാതകത്തിന് പിന്നിലെ കാര്യകാരണങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിപക്ഷം വിഷയം കവലകൾ തോറും ഉയർത്തുമെന്ന് ഉറപ്പായതോടെ വേഗത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News