'ചെയ്ത തെറ്റ് അയാൾ തിരിച്ചറിഞ്ഞു'; മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവിനെ വെറുതെ വിടണമെന്ന് ആദിവാസി യുവാവ്
മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റിലായ പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്
ഭോപ്പാൽ: മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവിനെ വെറുതെ വിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ്. പ്രതിയയ പ്രവേശ് ശുക്ല താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞെന്നും അയാളെ വെറുതെ വിടണമെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട ദശ്മത് റാവത്ത് സർക്കാറിനോട് ആവശ്യപ്പെട്ടു. 'സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അദ്ദേഹത്തെ മോചിപ്പിക്കണം. പ്രവേശ് ശുക്ല ങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതനാണ്. ഗ്രാമത്തിൽ റോഡ് പണിയണമെന്നല്ലാതെ സർക്കാറിനോട് ഞങ്ങൾക്ക് വേറൊന്നും ആവശ്യപ്പെടാനില്ല'..ദശ്മത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശിലെ സിദ്ധിയിലെ കുബ്രിയിലാണ് ആദിവാസി യുവാവ് ദശ്മത്ത് റാവത്തിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. കടവരാന്തയിൽ ഇരിക്കുകയായിരുന്ന ദശ്മതിന്റെ മുഖത്തും ശരീരത്തിലും പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
ആറുമാസം മുമ്പായിരുന്നു സംഭവം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഏറെ വിമർശനവും ഉയർന്നു. തുടർന്നാണ് പൊലീസ് പ്രവേശിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്. അതേസമയം, പ്രവേശ് ബി.ജെ.പി പ്രവർത്തകനാണെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെ ഇരയായ യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ മാപ്പ് പറയുകയും ചെയ്തു. ദശ്മതിന് അഞ്ചുലക്ഷം രൂപ ധനസഹായവും വീട് പണിയാനായി ഒന്നര ലക്ഷം രൂപയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.