തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കുക, മുന്‍കരുതല്‍ ഡോസ് എടുക്കുക; നീതി ആയോഗ്

വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കാൻ ആണ് ജനങ്ങൾക്ക് സർക്കാർ നൽകുന്ന നിർദേശം

Update: 2022-12-22 05:57 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ജാഗ്രതയിലാണ്. പുതിയ കോവിഡ് ഉപ വകഭേദത്തിന് വ്യാപന ശേഷി കൂടുതലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 10 മുതൽ 18.6 വരെയാണ് ബിഎഫ് ഡോട്ട് സെവൻ എന്ന കോവിഡ് വകഭേദത്തിൻ്റെ ക്യു വാല്യു. അതായത് ഒരു രോഗ ബാധിതനിൽ നിന്നും 10 മുതൽ 18.6 വരെ ആളുകളിലേക്ക് രോഗം വ്യാപിച്ചേക്കാം. പുതിയ ഇനം വൈറസ് പടരാൻ എടുക്കുന്ന സമയവും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കുറവാണ്. വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കാൻ ആണ് ജനങ്ങൾക്ക് സർക്കാർ നൽകുന്ന നിർദേശം.

രാജ്യത്ത് ജനസംഖ്യയുടെ 27-28 ശതമാനം പേർ മാത്രമാണ് കോവിഡ് കരുതൽ ഡോസ് എടുത്തിട്ടുള്ളതെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോൾ ബുധനാഴ്ച പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രോഗബാധിതരായവരും പ്രായമായവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പോള്‍ ഇക്കാര്യം പറഞ്ഞത്.

''ചില രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്" ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ വകുപ്പ്, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറിമാർ, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ രാജീവ് ബാൽ, പോൾ, നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ടി‌ജി‌ഐ) ചെയർമാൻ ഡോ എൻ. കെ അറോറ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജപ്പാൻ, യുഎസ്, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിലെ കേസുകളുടെ വർധനവ് കണക്കിലെടുത്ത്, ഉയർന്നുവരുന്ന കോവിഡ് പോസിറ്റീവ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിങ് വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News