'ഉത്തരവുകൾ അംഗീകരിക്കുന്നില്ല'; സംസ്ഥാന പൊലീസ് മേധാവിയെ നീക്കി ഉത്തര്‍പ്രദേശ് സർക്കാർ

യു.പി ഡി.ജി.പിയായിരുന്ന മുകുൾ ഗോയലിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്

Update: 2022-05-11 16:39 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശ് പൊലീസിൽ അസാധാരണ നീക്കം. സംസ്ഥാന പൊലീസ് മേധാവി മുകുൾ ഗോയലിനെ സ്ഥാനത്തുനിന്നു നീക്കി. ഉത്തരവുകൾ അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി.

ഉത്തർപ്രദേശ് കാഡറിലെ 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മുകുൾ ഗോയൽ 2021 ജൂലൈയിലാണ് യു.പി ഡി.ജി.പിയായി നിയമിതനായത്. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നില്ലെന്നും ജോലിയിൽ വേണ്ട താൽപര്യം കാണിക്കുന്നില്ലെന്നും കാണിച്ചാണ് ഇപ്പോൾ യു.പി ഭരണകൂടത്തിന്റെ നടപടി. സർക്കാർ ഉത്തരവുകൾ അംഗീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. സിവിൽ ഡിഫൻസ് വകുപ്പ് ഡയരക്ടർ ജനറൽ എന്ന അപ്രധാന പദവിയിലേക്കാണ് ഗോയലിനെ മാറ്റിയിരിക്കുന്നത്.

ഹിതേഷ് ചന്ദ്ര അവാസ്തി വിരമിച്ച ഒഴിവിലായിരുന്നു മുകുൾ ഗോയലിന്റെ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല യോഗി സർക്കാർ ഏൽപിച്ചത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു ഗോയലിന്റെ നിയമനഘട്ടത്തിൽ യോഗി സർക്കാർ വ്യക്തമാക്കിയിരുന്നത്.

അൽമോറ, മെയിൻപുരി, ഹാത്രസ്, അസംഗഢ്, ഗൊരക്പൂർ, വരാണസി, സഹാറൻപൂർ, മീറത്ത് അടക്കമുള്ള യു.പിയിലെ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം എസ്.പി, എസ്.എസ്.പിയായിട്ടുണ്ട് മുകുൾ ഗോയൽ. ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസിലും ദേശീയ ദുരന്ത നിവാരണസേനയിലുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. മായാവതി സർക്കാരിന്റെ കാലത്ത് പൊലീസ് റിക്രൂട്ട്‌മെന്റ് കേസിൽ ഉൾപ്പെട്ട് ദീർഘകാലം സസ്‌പെൻഷനിലായിരുന്നു. കുറ്റവിമുക്തനായതോടെ വീണ്ടും സർവീസിൽ പ്രവേശിക്കുകയായിരുന്നു.

Summary: Uttar Pradesh Police chief Mukul Goel removed from post alleging 'disobeying Orders'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News