സാറിന്‍റെ വീടെവിടെയാണ്, നാടേതാണ്? ഹൈക്കോടതി ജഡ്ജിയോട് ചോദിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍

Update: 2022-10-29 04:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഒരു എസ്.ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്,അയൂബ് വാലി,എസ്.ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.

അംബേദ്കര്‍ നഗര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസം ജില്ലയിലെത്തിയ ജസ്റ്റിസ് പ്രകാശ് സിങ്ങിന്‍റെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഫോണില്‍ നേരിട്ട് വിളിച്ച് ജഡ്ജിയുടെ വീട് എവിടെയാണെന്നും എവിടേയ്ക്ക് ആണ് പോകേണ്ടതെന്നും ചോദിച്ചതിനാണ് മൂന്നു പേരെയും സസ്‌പെന്‍ഡ് ചെയ്തത്. അംബേദ്കർ നഗർ പൊലീസ് സൂപ്രണ്ട് യാദവാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഉത്തരവില്‍ പറയുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൗരവമേറിയ കുറ്റമാണുണ്ടായിരിക്കുന്നതെന്ന് അംബേദ്കര്‍ നഗര്‍ ഐ.ജി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. എന്നാല്‍ ജഡ്ജിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രമേ പാവം പൊലീസുകാര്‍ക്കുണ്ടായിരുന്നുള്ളുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. യു.പി. എസ്കോർട്ട് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ യാത്രയുടെ വിശദാംശങ്ങൾ പ്രോട്ടോക്കോൾ ഓഫീസറിൽ നിന്നോ മറ്റ് നിയുക്ത വ്യക്തികളിൽ നിന്നോ ചോദിക്കണമെന്നും അല്ലാതെ വിശിഷ്ട വ്യക്തികളിൽ നിന്ന് നേരിട്ട് ചോദിക്കരുതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News