ഉത്തരാഖണ്ഡ് മന്ത്രി യശ്പാല്‍ ആര്യയും മകനും എഎല്‍എയുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍

മുമ്പ് കോണ്‍ഗ്രസിലായിരുന്ന യശ്പാല്‍ ആര്യ 2007 മുതല്‍ 2014 വരെ ഉത്തരാഖണ്ഡ് പിസിസി പ്രസിഡന്റായിരുന്നു.

Update: 2021-10-11 11:12 GMT
Editor : abs | By : Web Desk
Advertising

ഉത്തരാഖണ്ഡ് മന്ത്രി യശ്പാല്‍ ആര്യയും മകനും എഎല്‍എയുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവിലെ ബിജെപി നേതൃത്വത്തിലുള്ള പുഷ്‌കര്‍ സിങ് ദാമി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു യശ്പാല്‍ ആര്യ. സഞ്ജീവ് ആര്യ നൈനിറ്റാളില്‍ നിന്നുള്ള എംഎല്‍എയാണ്. ഡല്‍ഹിയിലെത്തി ഇരുവരും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജോവാല, കെസി വേണുഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു. മന്ത്രി സ്ഥാനം രാജിവെക്കുന്നതായും യശ്പാല്‍ പ്രതികരിച്ചു.

മുമ്പ് കോണ്‍ഗ്രസിലായിരുന്ന യശ്പാല്‍ ആര്യ 2007 മുതല്‍ 2014 വരെ ഉത്തരാഖണ്ഡ് പിസിസി പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസുമായി കലഹിച്ച് 2017 ലാണ് യശ്പാല്‍ ബിജെപിയില്‍ ചേരുന്നത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ യശ്പാല്‍ ആര്യയുടെ മടങ്ങിവരവ് കോണ്‍ഗ്രസിന് ഉണര്‍വ് പകരുമെന്നാണ് കണക്ക് കൂട്ടല്‍.

അതേസമയം, ഉത്തരാഖണ്ഡില്‍ തുടര്‍ഭരണം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമിത്ഷാ ഈ മാസം 16ന് സംസ്ഥാനത്തെത്തും. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. 15 ദിവസം നീണ്ടു നില്‍ക്കുന്ന വീടുകള്‍ കയറിയുള്ള പ്രചരണമാണ് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പരിപാടി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News