ഉത്തരാഖണ്ഡ് ടണൽ ദുരന്തം: രക്ഷാ ദൗത്യത്തിനായി പുതിയ അഞ്ച് വഴികൾ
ഓഗർ മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുമെങ്കിൽ രണ്ട് ദിവസം കൊണ്ട് തൊഴിലാളികളെ മുഴുവൻ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തന സംഘത്തിന്റെ പ്രതീക്ഷ
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കൂടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം ഒന്പതാം ദിവസവും തുടരുന്നു.ഓഗർ മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുമെങ്കിൽ രണ്ട് ദിവസം കൊണ്ട് തൊഴിലാളികളെ മുഴുവൻ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തന സംഘത്തിന്റെ പ്രതീക്ഷ. തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കുന്നതിന് അഞ്ച് ബദൽപദ്ധതികൾ കൂടി പരിഗണനയിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.
പ്ലാൻ ബിയുടെ ഭാഗമായി പുതിയ രീതിയിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. തൊഴിലാളികളെ എത്രയും വേഗം പുറത്തെടുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഒരാഴ്ച നീണ്ട ഒന്നാം ഘട്ട രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിലാണ്് മറ്റൊരു രീതി സർക്കാർ ആരംഭിക്കുന്നത്. ടണലിൽ അകപ്പെട്ട 41 തൊഴിലാളികളുടെ കുടുംബങ്ങൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ്
അധികൃതരുടെ ശ്രമം.
താരതമ്യേന ബലം കുറഞ്ഞ പാറകൾ ഓഗർ മെഷീൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തിൽ തകരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഒന്നിലേറെ തവണ ലോഹ ഭാഗങ്ങളിൽ തട്ടി ഓഗർ മെഷീൻ തകരാറിലായതും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായിട്ടുണ്ട്. തുരങ്കത്തിന്റെ മധ്യഭാഗം മുറിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്താനുള്ള കാരണവും ഇതാണ്. തുരങ്ക കവാടത്തിൽ നിന്നും 40 മീറ്റർ അകലെ തൊഴിലാളികൾ അകപ്പെട്ട പ്രദേശത്തേക്ക് മുകളിൽ നിന്ന് കുഴിക്കാനാണ് പുതിയ നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പുതിയ രീതിയിൽ ഉള്ള രക്ഷാപ്രവർത്തനം ആരംഭിക്കും. നിലവിലെ പ്രതിസന്ധി തുടർന്നാൽ തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കുന്നത് വൈകിയേക്കും.