യു.പി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് 58 നിയോജക മണ്ഡലങ്ങളില്‍
ഹിന്ദുത്വ കാർഡിനൊപ്പം സുരക്ഷിത ഉത്തർപ്രദേശ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്
ഉത്തർപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ 623 സ്ഥാനാർത്ഥികള്‍ വിധി തേടുമ്പോള്‍ രണ്ട് കോടി 27ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്.
ജാട്ട് സമുദായത്തിന് നിർണായക സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ്. കഴിഞ്ഞ തവണ 53 സീറ്റും ബി.ജെ.പി തൂത്തുവാരിയെങ്കിൽ ഇത്തവണ ബി.ജെ.പിയെ മുട്ടുകുത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് കർഷക സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നത്. കർഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആർ.എൽ.ഡി നിലവിൽ സമാജ്‍വാദി സഖ്യത്തിനൊപ്പമാണ്.
ഹിന്ദുത്വ കാർഡിനൊപ്പം സുരക്ഷിത ഉത്തർപ്രദേശ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോവിഡിലെ വീഴ്ചയും ഉന്നാവ്, ഹാത്രസ് പീഡനവുമൊക്കെ ഉയർത്തിക്കാട്ടി സുരക്ഷിത യു.പി എന്ന അവകാശ വാദം പൊളിക്കാനാണു പ്രചാരണത്തിൽ എസ്.പി ശ്രദ്ധിച്ചത്. അവസാന ഒരാഴ്ചയാണ് ബി.എസ്.പിക്ക് തെരെഞ്ഞെടുപ്പ് ചൂട് പിടിച്ചത്.
അതേസമയം, യുവാക്കളെ ആകർഷിക്കുന്ന പ്രകടന പത്രികയും താരപ്രചാരണവുമായി പ്രിയങ്ക ഗാന്ധി കളംനിറഞ്ഞെങ്കിലും പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ പോലും കോൺഗ്രസിനെ വിട്ട് മറ്റു പാർട്ടിയിൽ ചേർന്നത് തിരിച്ചടിയായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെപോലും സ്വാധീനിക്കാൻ പര്യാപ്‌തമായ വോട്ടെടുപ്പാണ് യു.പിയിൽ നടക്കുന്നത്.