'ആർ.എൻ രവി ആർ.എസ്.എസ്സുകാരനെ പോലെ പ്രവർത്തിക്കുന്നു'; തമിഴ്‌നാട് ഗവർണർക്കെതിരെ തോൽ തിരുമാവളൻ
'ദ കേരള സ്റ്റോറി' സിനിമ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സിനിമ പ്രദർശിപ്പിക്കുന്നത് തടയണം-തോൽ തിരുമാവളൻ ആവശ്യപ്പെട്ടു
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ വിവാദ 'ദ്രാവിഡ' പരാമർശത്തെ അപലപിച്ച് വി.സി.കെ നേതാവ് തോൽ തിരുമാവളൻ. ഗവർണർ ഉത്തരവാദിത്തം മറന്ന് ആർ.എസ്.എസ് പ്രവർത്തകനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പദവി രാജിവച്ച് ആർ.എസ്.എസ് പ്രവർത്തകനായി സജീവരാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് അദ്ദേഹത്തിനു നല്ലതെന്ന് തിരുമാവളൻ പറഞ്ഞു.
കാലഹരണപ്പെട്ട നയങ്ങളെ നവീകരിക്കാനുള്ള ശ്രമമാണ് ദ്രാവിഡ മോഡൽ. നിരന്തരം സാമൂഹികനീതിയുടെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുകയാണ് ഗവർണർ. സനാതന പാഠശാലയിൽ പരിശീലനം നേടിയയാളാണ് അദ്ദേഹം. ഗവർണർ പദവി രാജിവച്ച് അദ്ദേഹം മുഴുസമയ രാഷ്ട്രീയക്കാരനാകുന്നതാണ് നല്ലത്-തോൽ തിരുമാവളൻ പറഞ്ഞു.
ഒരു രാഷ്ട്രം, ഒരു സംസ്‌കാരം എന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഗവർണറായിരിക്കെ ഭരണഘടനയ്‌ക്കെതിരെ സംസാരിക്കുന്നത് അപലപനീയമാണ്. പഴയ സനാതനധർമം പുനഃസ്ഥാപിക്കാനുള്ള നീക്കം എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ച് എതിർക്കണം. ഇത് ഡി.എം.കെയ്ക്കും സംസ്ഥാന സർക്കാരിനും എതിരെ മാത്രമുള്ള നീക്കമല്ലെന്നും തിരുമാവളൻ കൂട്ടിച്ചേർത്തു.
വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയെയും അദ്ദേഹം വിമർശിച്ചു. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ചിത്രം. സിനിമ പ്രദർശിപ്പിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആർ.എൻ രവി ദ്രാവിഡ രാഷ്ട്രീയത്തിനും തമിഴ്‌നാട് സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയത്. ദ്രാവിഡ മാതൃകാ ഭരണം എന്നൊരു സംഗതിയില്ലെന്നും അതു കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നുമായിരുന്നു പ്രധാന വിമർശനം. ദ്രാവിഡ വികാരത്തെ ഡി.എം.കെ സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. തമിഴ്‌നാട്ടിൽ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
Summary: VCK leader Thol Thirumavalavan condemns TN Governor RN Ravi's controversial remarks on Dravidian model