വി.ഡി സതീശന്‍ പങ്കെടുത്തില്ല; തര്‍ക്കം പരിഹരിക്കാന്‍ താരിഖ് അന്‍വര്‍ വിളിച്ച യോഗം മുടങ്ങി

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി.ഡി സതീശൻ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ അദ്ദേഹം യോഗത്തിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം ഇതല്ലെന്നാണ് എ,ഐ ഗ്രൂപ്പുകൾ ആരോപിക്കുന്നത്

Update: 2023-02-26 06:00 GMT
Advertising

റായ്പൂര്‍: കെ.പി.സി.സി പുനഃസംഘടനയുൾപ്പെടെയുള്ള വിഷയങ്ങളിലെ തർക്കം പരിഹരിക്കാൻ താരിഖ് അൻവർ വിളിച്ച യോഗം വി.ഡി സതീശൻ പങ്കെടുക്കാത്തതിനാൽ മുടങ്ങി. പ്ലീനറി സമ്മേളനം നടക്കുന്ന റായ്പൂരിൽ ഇന്നലെ രാത്രിയാണ് യോഗം വിളിച്ചത്.

കെ.പി.സി.സി ലിസ്റ്റ് മരവിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. യോഗത്തിലേക്ക് പ്രധാമായും നാല് പ്രമുഖ നേതാക്കളെയാണ് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കാത്തതിനാൽ യോഗം മുടങ്ങുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ വി.ഡി സതീശൻ യോഗത്തിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം ഇതല്ലെന്നാണ് എ,ഐ ഗ്രൂപ്പുകൾ ആരോപിക്കുന്നത്. 



അതേസമയം മൂന്ന് ദിവസം നീണ്ടുനിന്ന കോൺഗ്രസിൻറെ 85മത് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനമാകും. മൂന്നു പ്രമേയങ്ങളിൽ വിശദമായ ചർച്ചയും ഇന്ന് നടക്കും. രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാർഷികം, സാമൂഹ്യ നീതി, യുവജന വിദ്യാഭ്യാസ പ്രമേയങ്ങൾ ഇന്ന് അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിഷയങ്ങൾ പാർട്ടിക്ക് എങ്ങനെ അനുകൂലമാക്കാം എന്നുള്ള ചർച്ച പ്രധാനമാണ്. മുന്നോട്ടുള്ള പ്രതിഷേധങ്ങളും ചർച്ചയാകും. രാവിലെയാണ് രാഹുൽ ഗാന്ധി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും എതിരെ ശക്തമായ വിമർശനം രാഹുൽ ഗാന്ധി ഉയർത്തും. ഉച്ചക്ക് ശേഷമാണ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി പ്രസംഗം. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കും.


Full View



രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടും

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോൺഗ്രസിൻറെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് കോൺഗ്രസിന് അനിവാര്യമാണ്. അതിനായി സർവശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനാണ് നീക്കം. പ്രതിപക്ഷ ഐക്യ ചർച്ചകൾ പ്ലീനറി സമ്മേളനത്തിലുടനീളം ഉണ്ടായി. ഒറ്റയ്ക്ക് നേരിടുന്നതിലും ഉചിതം സമാനമനസ്‌കരെ കൂടെ നിർത്തി പോരാടുന്നതാണെന്ന് നേതാക്കൾക്ക് കൃത്യമായ ധാരണയുണ്ട്. പ്ലീനറി തീരുമാനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് നേതാക്കാൾ കണക്കുകൂട്ടുന്നു.

ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വിജയത്തിൽ കുറഞ്ഞ ഒന്നും കോൺഗ്രസ് ലക്ഷ്യം വെക്കുന്നില്ല. ഭാരത് ജോഡോ യാത്രയുടെ വിജയം ഊർജമാക്കി മുന്നോട്ടു പോകണം എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതെല്ലാം പറയുമ്പോഴും വിട്ടുവീഴ്ച മാത്രമല്ല വിലപേശലും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News