ഗുജറാത്ത് തീരത്ത് 425 കോടിയുടെ ഹെറോയിനുമായി വിദേശ ബോട്ട് പിടികൂടി
ഗുജറാത്ത് എ.ടി.എസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും ഗുജറാത്ത് പൊലീസും പരിശോധന നടത്തിയത്.
Update: 2023-03-07 09:51 GMT
ഗാന്ധിനഗർ:ഗുജറാത്ത് തീരത്ത് 425 കോടി രൂപ വിലവരുന്ന 61 കിലോ ഹെറോയിനുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ച് ഇറാനിയൻ പൗരൻമാരെ അറസ്റ്റ് ചെയ്തു.
ഗുജറാത്ത് എ.ടി.എസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡും ഗുജറാത്ത് പൊലീസും പരിശോധന നടത്തിയത്. കോസ്റ്റ് ഗാർഡിന്റെ ഉടമസ്ഥതയിലുള്ള അതിവേഗ പട്രോളിങ് കപ്പലുകളായ മീരാ ബെഹൻ, അഭീക് എന്നിവയും പരിശോധനയുടെ ഭാഗമായി.
കഴിഞ്ഞ 18 മാസത്തിനിടെ ഗുജറാത്ത് എ.ടി.എസുമായി ചേർന്ന് തീരസംരക്ഷണ സേന നടത്തിയ പരിശോധനയിൽ എട്ട് വിദേശ കപ്പലുകൾ പിടികൂടുകയും 2,355 കോടി രൂപ വിലവരുന്ന 407 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.