അഴുക്കുചാലിൽ നോട്ടുകെട്ടുകൾ; വാരിക്കൂട്ടി നാട്ടുകാർ- വീഡിയോ
മാലിന്യം വകവെക്കാതെ ആളുകൾ അഴുക്കുചാലിലിറങ്ങി നോട്ടുകൾ ശേഖരിക്കുന്നത് വീഡിയോയിൽ കാണാം
Update: 2023-05-07 14:18 GMT
പട്‌ന: ബിഹാറിലെ അഴുക്കുചാലിൽ നോട്ടുകെട്ടുകൾ ഒഴുകി നടക്കുന്നു എന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിഹാർ തലസ്ഥാനമായ പട്‌നയ്ക്ക് സമീപം സസാറാമിലാണ് സംഭവം.
മാലിന്യം വകവെക്കാതെ ആളുകൾ അഴുക്കുചാലിലിറങ്ങി നോട്ടുകൾ ശേഖരിക്കുന്നത് വീഡിയോയിൽ കാണാം. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് വെള്ളത്തിൽ ഒഴുകി നടക്കുന്നത്.
അഴുക്കുചാലിൽ പണം കണ്ടെത്തി എന്ന വാർത്തയെ തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാൽ പൊലീസിനു പിന്നാലെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആളുകൾക്ക് പണം ലഭിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.