'റോഡോ പരവതാനിയോ'? പുതുതായി നിർമിച്ച റോഡ് കൈകൊണ്ട് 'ചുരുട്ടിയെടുത്ത്' ഗ്രാമീണർ-വീഡിയോ
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നാണ് കരാറുകാരന്റെ അവകാശവാദം
ജൽന: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അഴിമതികൾ നടക്കുന്നത് ആദ്യത്തെ സംഭവമല്ല. പല രീതിയിലുള്ള അഴിമതിക്കഥകൾ നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള അഴിമതിക്കഥയാണ് പുറത്ത് വരുന്നത്. പുതുതായി നിർമിച്ച റോഡ് കൈകൊണ്ട് ചുരുട്ടിയെടുക്കുന്ന ഗ്രാമവാസികളുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിലെ കർജത്-ഹസ്ത് പൊഖാരിയിലാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. റോഡിനടിയിൽ പരവതാനി പോലുള്ള ഒന്ന് വിരിച്ചിട്ടുണ്ട്. അതിന് മുകളിലാണ് മെറ്റലും ടാറും ചെയ്തിരിക്കുന്നത്. പരവതാനി പോലുള്ള സാധനം ചുരുട്ടിയെടുക്കുമ്പോൾ റോഡ് മുഴുവൻ ഇളകിപ്പോരുന്നതും വീഡിയോയിൽ കാണാം. റോഡിലെ കുഴികള്‍ മൂടാനോ നിരപ്പാക്കാനോ കരാറുകാരന്‍ ശ്രമിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാണ്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎം റൂറൽ റോഡ് സ്‌കീം) പ്രകാരമാണ് റോഡ് നിർമ്മിച്ചത്. പ്രാദേശിക കരാറുകാരൻ നിർമ്മിച്ചതാണിതെന്നും ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക കരാറുകാരനെ ഗ്രാമവാസികൾ ചീത്തവിളിക്കുന്നതും വീഡിയോയിൽ കാണാം. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നാണ് കരാരുകാരന്റെ അവകാശവാദം.ഇത്രയും മോശമായ റോഡ് നിർമിച്ച കരാറുകാരനെതിരെയും എഞ്ചിനീയർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഹാരാഷ്ട്ര സർക്കാറിന്റെ പിടിപ്പുകേടാണ് ഇതെന്നും നാട്ടുകാർ വിമർശിച്ചു.